സിഗുറോസണ്‍ 83-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ നേടിയത്. 1999ന് ശേഷം ആദ്യമായാണ് എവര്‍ട്ടണ്‍ ലിവര്‍പൂളിനെതിരെ ജയിക്കുന്നത്.  

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ ഞെട്ടിച്ച് എവര്‍ട്ടണ്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ തോല്‍വി. മൂന്നാം മിനിറ്റില്‍ റിച്ചാര്‍ലിസണിലൂടെ എവര്‍ട്ടണ്‍ മുന്നിലെത്തി. രണ്ടാം പകുതിയിലാണ് വിജയമുറപ്പിച്ച ഗോള്‍ വന്നത്. സിഗുറോസണ്‍ 83-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഗോള്‍ നേടിയത്. 1999ന് ശേഷം ആദ്യമായാണ് എവര്‍ട്ടണ്‍ ലിവര്‍പൂളിനെതിരെ ജയിക്കുന്നത്. തോല്‍വിയോടെ 25 മത്സരങ്ങളില്‍ 40 പോയിന്റുമായി ലിവര്‍പൂള്‍ ആറാം സ്ഥാനത്തേക്ക് വീണു. 24 മത്സരങ്ങൡ ഇത്രയും പോയിന്റുള്ള എവര്‍ട്ടണ്‍ ഏഴാമതാണ്. 

അതേസമയം, ചെല്‍സിക്ക് സമനില പിണഞ്ഞു. സതാംപ്ടണാണ് തുടര്‍ജയങ്ങളുമായി വന്ന മുന്‍ ചാംപ്യന്മാരെ സമനിലയില്‍ തളച്ചത്. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. മുപ്പത്തിമൂന്നാം മിനിറ്റില്‍ സതാംപ്ടന്‍ മുന്നിലെത്തി. രണ്ടാം പകുതിയില്‍ മേസണ്‍ മൗണ്ട് ചെല്‍സിയെ ഒപ്പമെത്തിച്ചു. 25 കളിയില്‍ 43 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്ത് തുടരുകയാണ് ചെല്‍സി. 30 പോയിന്റുള്ള സതാംപ്ടണ്‍ പതിമൂന്നാം സ്ഥാനത്തും. 

പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. രാത്രി പത്ത് മണിക്ക് ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സനലിനെ നേരിടും. ലെസ്റ്ററിന് ആസ്റ്റണ്‍ വില്ലയാണ് എതിരാളി. ടോട്ടന്‍ഹാം, വെസ്റ്റ്ഹാമിനെ നേരിടും. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 12.30ന് ന്യൂകാസിലിനെ നേരിടും. 

ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിന് തോല്‍വി

സ്പാനിഷ് ലീഗിലെ ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് അപ്രതീക്ഷിത തോല്‍വി. ലെവാന്റെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പിച്ചത്. 30 ആം മിനുറ്റില്‍ മരിയോ ഹെര്‍മോസോയുടെ സെല്‍ഫ് ഗോളിലൂടെയാണ് ലെവാന്റെ മുന്നിലെത്തിയത്. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ജോര്‍ജെ ഡി ഫ്രൂട്ടോസ് ലെവാന്റെയുടെ ലീഡുയര്‍ത്തി. 23 കളിയില്‍ 55 പോയിന്റുമായാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് വയ്യാഡോളിഡിനെ തോല്‍പ്പിച്ചു. ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ കസിമിറോ 65ആം മിനിറ്റില്‍ നേടിയ ഗോളിലൂടെയാണ് റയലിന്റെ ജയം. ഒന്നാമതുള്ള അത്‌ലറ്റികോ മാഡ്രിഡുമായി വെറും മൂന്ന് പോയിന്റ് മാത്രം അകലത്തിലാണ് റയല്‍മാഡ്രിഡ്. എന്നല്‍ അത്‌ലറ്റിയേക്കാള്‍ രണ്ട് മത്സരം കൂടുതല്‍ കളിച്ചിട്ടുണ്ട് റയല്‍. 

ബുണ്ടസ് ലിഗയില്‍ ബയേണിന് തോല്‍വി

ജര്‍മ്മന്‍ ലീഗ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്കിന് തോല്‍വി. ഐന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് ഒന്നിനെതിരെ രണ്ട് ഗോളിന് ബയേണിനെ ഞെട്ടിച്ചു. പന്ത്രണ്ടാം മിനിറ്റില്‍ കമാഡയും മുപ്പത്തിയൊന്നാം മിനിറ്റില്‍ യൂനെസുമാണ് ഐന്‍ട്രാക്ടിന്റെ ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയില്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് ബയേണിന്റെ ആശ്വാസ ഗോള്‍ നേടിയത്. 22 കളിയില്‍ 49 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബയേണ്‍. 42 പോയിന്റുമായി ഐന്‍ട്രാക്ട് നാലാം സ്ഥാനത്തേക്കുയര്‍ന്നു.