ലിവര്‍പൂള്‍: ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ് ലിവര്‍പൂളിന്‍റെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ് ക്ലബ്ബുമായുള്ള കരാര്‍ നീട്ടി. ക്ലോപ്പ് 2024 വരെ ഇംഗ്ലീഷ് ക്ലബ്ബിൽ തുടരും. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ ജേതാക്കളാക്കിയ ക്ലോപ്പിന് കീഴില്‍ ക്ലബ്ബ് നിലവില്‍ പ്രീമിയര്‍ ലീഗിലും മുന്നേറുകയാണ്.

കരാര്‍ പൂര്‍ത്തിയാക്കിയാൽ ബോബ് പെയ്സ്‍‍ലിക്ക് ശേഷം ഏറ്റവും കൂടുതൽ കാലം ലിവര്‍പൂളിന്‍റെ പരിശീലകനെന്ന നേട്ടം ക്ലോപ്പിന് സ്വന്തമാകും. ക്ലോപ്പിന്‍റെ സഹപരിശീലകരുടെ കരാറും നീട്ടിയിട്ടുണ്ട്. ബൊറൂസിയ പരിശീലകനായിരുന്ന ക്ലോപ്പ് 2015ലാണ് ആന്‍ഫീല്‍ഡിലെത്തിയത്. ക്ലോപ്പ് പുതിയ കരാറില്‍ ഒപ്പിട്ടത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് നല്ലതാണെന്ന് ടോട്ടനം പരിശീലകന്‍ ഹോസെ മൗറീഞ്ഞോ പറഞ്ഞു. 

മികച്ച പരിശീലകനുള്ള ഫിഫ ബെസ്റ്റ് പുരസ്‌കാരം ക്ലോപ്പ് നേടിയിരുന്നു. ഗാര്‍ഡിയോള, പൊച്ചറ്റിനോ എന്നിവരെ മറികടന്നായിരുന്നു ക്ലോപ്പിന്‍റെ നേട്ടം.