പരുക്കേറ്റ സൂപ്പർ താരം മുഹമ്മദ് സലായുടെയും റോബർട്ടോ ഫിർമിനോയുടെയും അഭാവം ലിവര്‍പൂളിന്‍റെ പ്രതീക്ഷകള്‍ക്ക് വിലങ്ങുതടിയാണ്.

ലണ്ടന്‍: നൗംകാംപില്‍ല്‍നിന്നേറ്റ മൂന്ന് ഗോള്‍ കടത്തിന്‍റെ മുറിവുമായി ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ബാഴ്സലോണയെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നേരിടും. പരുക്കേറ്റ സൂപ്പർ താരം മുഹമ്മദ് സലായുടെയും റോബർട്ടോ ഫിർമിനോയുടെയും അഭാവം ലിവര്‍പൂളിന്‍റെ പ്രതീക്ഷകള്‍ക്ക് വിലങ്ങുതടിയാണ്.

ഇരുവരുടെയും അഭാവത്തോടെ ലിയോണൽ മെസ്സിയുടെ ബാഴ്സലോണയെ ആൻഫീൽഡിൽ നേരിടുമ്പോൾ ആശ്വസിക്കാനൊന്നുമില്ല ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്പിന്. പ്രീമിയർ‍ ലീഗിൽ ന്യുകാസിലിന് എതിരായ മത്സരത്തിനിടെയാണ് സലായ്ക്ക് പരുക്കേറ്റത്. ഫിർമിനോയ്ക്ക് ചാമ്പ്യൻസ് ലീഗിന്‍റെ ആദ്യപാദ സെമിയിലും. ഇരുവർക്കും പകരം ഷെർദാൻ ഷാക്കീരിയും ജോർജിനോ വിനാൾഡവും ടീമിലെത്തും. ഇനി പ്രതീക്ഷയത്രയും സാദിയോ മാനേയിൽ മാത്രമാണ്. ആൻഫീൽഡിൽ അവസാന പത്തൊൻപത് കളിയിൽ തോറ്റിട്ടില്ലെന്ന കണക്ക് മാത്രമാണ് ലിവർപൂളിന് ആശ്വാസം.

ഉസ്മാൻ ഡെംബലേയുടെ പരുക്ക് മാത്രമാണ് ബാഴ്സലോണയുടെ ആശങ്ക. മെസ്സി, സുവാരസ്, കുടീഞ്ഞോ ത്രയം ഫോമിലേക്കുയർന്നാൽ ലിവർപൂൾ പ്രതിരോധത്തിന് വിശ്രമിക്കാൻ നേരമുണ്ടാവില്ല. ലിവർപൂളിന്‍റെ മുൻതാരങ്ങളായ കുടീഞ്ഞോയ്ക്കും സുവാരസിനും ആൻഫീൽഡിലേക്കുള്ള മടക്കയാത്രകൂടിയാണ് രണ്ടാംപാദസെമി ഫൈനൽ. ഇരുടീമും ഏറ്റുമുട്ടുന്ന പത്താം മത്സരമാണിത്. ലിവർപൂളിനും ബാഴ്സയ്ക്കും മൂന്ന് ജയംവീതം. മൂന്ന് കളി സമനിലയിൽ.