ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് വമ്പന്‍ പോരാട്ടം. ചെല്‍സി രാത്രി ഒന്നേമുക്കാലിന് തുടങ്ങുന്ന കളിയില്‍ ലിവര്‍പൂളിനെ നേരിടും. 44 പോയിന്റുള്ള ചെല്‍സി അഞ്ചും 43 പോയിന്റുള്ള ലിവര്‍പൂള്‍ ആറും സ്ഥാനങ്ങളിലാണ്. ഫ്രാങ്ക് ലാംപാര്‍ഡിന് പകരമെത്തിയ പുതിയ കോച്ച് തോമസ് ടുഷേലിന് കീഴില്‍ ലീഗില്‍ തോല്‍വി അറിഞ്ഞിട്ടില്ലെന്ന ആശ്വാസത്തിലാണ് ചെല്‍സി. എന്നാല്‍ അവസാന രണ്ട് കളിയിലും സമനില വഴങ്ങേണ്ടി വന്നു. 41 ഗോള്‍ നേടിയപ്പോള്‍ 25 ഗോള്‍ വഴങ്ങി. 

തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ എത്തിയതിന്റെ ആശ്വാസത്തിലാണ് ലിവര്‍പൂള്‍. ഷെഫീല്‍ഡ് യുണൈറ്റഡിനെ രണ്ട് ഗോളിന് കീഴടക്കിയാണ് ചെമ്പട വിജയവഴിയില്‍ തിരിച്ചെത്തിയത്. പ്രമുഖ താരങ്ങളെ വിടാതെ പിന്തുടരുന്ന പരിക്കാണ് സീസണിന്റെ തുടക്കം മുതല്‍ ലിവര്‍പൂളിന് തിരിച്ചടിയായത്. ഇതുകൊണ്ടുതന്നെ 47 ഗോള്‍ നേടിയ ലിവര്‍പൂള്‍ 34 ഗോള്‍ വഴങ്ങുകയും ചെയ്തു. സാദിയോ മാനെ, മുഹമ്മദ് സലാ, റോബര്‍ട്ടോ ഫിര്‍മിനോ ത്രയം ഫോമിലേക്കുയര്‍ന്നാല്‍ പ്രതിസന്ധികളെല്ലാം മറികടക്കാമെന്ന പ്രതീക്ഷയിലാണിപ്പോഴും ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ്. 

അലിസണ്‍ ബെക്കറും ഫാബീഞ്ഞോയും തിരിച്ചെത്തുന്നതും ലിവര്‍പൂളിന് കരുത്താവും. ഡീഗോ ജോട്ട കൂടി തിരിച്ചെത്തിയാല്‍ ലിവര്‍പൂളിനെ പിടിച്ചുകെട്ടുക ചെല്‍സിക്ക് എളുപ്പമാവില്ല. പ്രീമിയര്‍ ലീഗിലെ ജര്‍മ്മന്‍ തന്ത്രങ്ങലുടെ പോരാട്ടം കൂടിയാവും ആന്‍ഫീല്‍ഡില്‍ നടക്കുക. ക്ലോപ്പും ടുഷേലും ജര്‍മ്മനിയില്‍ നിന്നുള്ളവര്‍. ഇരുവരും പതിനാല് മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഒന്‍പത് ജയവുമായി ക്ലോപ്പിന് വ്യക്തമായ ആധിപത്യം. ടുഷേല്‍ ജയിച്ചത് രണ്ട് കളിയില്‍. ബാക്കി മത്സരങ്ങള്‍ സമനിലയില്‍. ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ ടോട്ടനം ഫുള്‍ഹാമിനെയും എവര്‍ട്ടന്‍, വെസ്റ്റ് ബ്രോമിനെയും നേരിടും.

യുനൈറ്റഡിന് സമനില

ഇന്നലെ നടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ക്രിസ്റ്റല്‍ പാലസ് മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇതോടെ സിറ്റിയും യുണൈറ്റഡും തമ്മിലുള്ള പോയിന്റ് വ്യത്യാസം 14 ആയി ഉയര്‍ന്നു. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍സിറ്റിയെ ബേണ്‍ലി സമനിലയില്‍ തളച്ചു. നാലാം മിനിറ്റില്‍ മുന്നിലെത്തിയ ബേണ്‍ലി, ലെസ്റ്റര്‍ ആരാധകരെ ആശങ്കയിലാക്കിയെങ്കിലും, 34 ആം മിനിറ്റില്‍ ഗോള്‍ തിരിച്ചടിച്ച ഇഹിയാനോച്ചോ, ലെസ്റ്റര്‍സിറ്റിക്ക് സമനില സമ്മാനിച്ചു. 50 പോയിന്റുള്ള ലെസ്റ്റര്‍, ലീഗില്‍ മൂന്നാമതാണ്. 29 പോയിന്റുമായി 15ആം സ്ഥാനത്താണ് ബേണ്‍ലി.