ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജൈത്രയാത്ര തുടരാന്‍ ലിവര്‍പൂള്‍ ഇന്നിറങ്ങും. വെസ്റ്റ് ബ്രോം ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 10 മണിക്ക് ആന്‍ഫീല്‍ഡിലാണ് മത്സരം. 14 മത്സരങ്ങളില്‍ 31 പോയിന്റുമായി നിലവില്‍ ലീഗില്‍ ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍. തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്നവരുടെ കൂട്ടത്തിലേക്ക് വീണ വെസ്റ്റ് ബ്രോം 14 കളിയില്‍ ഒന്നില്‍ മാത്രമാണ് ജയിച്ചത്. 
 
ഈ വര്‍ഷം ലിവര്‍പൂളിന്റെ അവസാന ഹോം മത്സരം എന്ന പ്രത്യേകതയുണ്ട്. കരുത്തരായ ടോട്ടനത്തിനും ഇന്ന് മത്സരമുണ്ട്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 12.45ന് തുടങ്ങുന്ന മത്സരത്തില്‍ വൂള്‍വ്‌സ് ആണ് എതിരാളികള്‍. മികച്ച പ്രകടനത്തിന് ശേഷം നിറംമങ്ങിയ ടോട്ടനത്തിന് 14 കളിയില്‍ 26 പോയിന്റുണ്ട്. 

അതേ സമയം മുഹമ്മദ് സലാ ലിവര്‍പൂളില്‍ തുടരുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകന്‍ യൂര്‍ഗന്‍ ക്ലോപ്പ് പറഞ്ഞു. സലാ ലിവര്‍പൂളില്‍ അതൃപ്തനാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ക്ലോപ്പിന്റെ പ്രതികരണം. ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ സലായ്ക്ക് നീരസം ഉണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.