ലിവർപൂൾ: ഉറുഗ്വെ സൂപ്പർ താരം ലൂയിസ് സുവാരസിനെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങി ലിവർപൂള്‍. മുഹമ്മദ് സലാ ലിവർപൂള്‍ വിട്ടേക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണിത്. 2017ലാണ് ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ ലിവർപൂളിലെത്തുന്നത്. 193 മത്സരങ്ങളിൽ നിന്ന് സലാ ലിവർപൂളിനായി 120 ഗോളുകള്‍ നേടി. ലിവർപൂളിന്റെ മിന്നും താരമായ സലാ അധികകാലം ടിമിലുണ്ടായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

റയല്‍ മാഡ്രിഡിലേക്ക് കൂടുമാറാനുള്ള ശ്രമത്തിലാണ് സല എന്നാണ് സൂചനകള്‍. ഈ സാഹചര്യത്തിൽ സലയുടെ പകരക്കാരൻ ആരെന്ന ചോദ്യത്തിന് ഉത്തരമായാമാണ് ലിവർപൂള്‍ മാനേജ്മെന്റ് സുവരാസിനെ സ്വന്തമാക്കാൻ ശ്രമം തുടങ്ങിയത്.

34കാരനായ സുവാരസ് ലിവർപൂളിന്‍റെ മുൻ താരവുമാണ്. 2011 മുതൽ 2014 വരെ സുവാരസ് ലിവർപൂൾ കുപ്പായത്തിൽ പന്ത് തട്ടിയിട്ടുണ്ട്. ലിവർപൂളിൽ നിന്നാണ് സുവാരസ് ബാഴ്സലോണയിലേക്ക് പോയത്. മെസിക്കും നെയ്മറിനുമൊപ്പം കളിച്ച സുവാരസ് എംഎസ്എൻ ത്രയത്തിലൂടെ ലോകത്തിലെ ഏത് ടീമും പേടിക്കുന്ന മുന്നേറ്റനിരയിൽ നിർണായക സാന്നിധ്യമായി. ബാഴ്സയിൽ നിന്ന് കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ്ബ് അത്‍ലറ്റിക്കോ മാഡ്രിഡിലേക്ക് സുവാരസ് കൂടുമാറിയിരുന്നു.