അർജന്റീനൻ താരം ലയണൽ മെസിയുടെയും ബ്രസീൽ താരം നെയ്മറുടെയും പുഴയിലെ ഫ്ലക്സ് ബോർഡുകൾ രാജ്യാന്തര തലത്തിൽ വരെ ചർച്ചയായിരുന്നു.

കോഴിക്കോട്: കോഴിക്കോട് പുള്ളാവൂരിലെ ഫുട്ബോൾ ഫാൻസ് ചെറുപുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകൾ എടുത്ത് മാറ്റണമെന്ന് ചാത്തമംഗലം പഞ്ചായത്ത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെയുടെ പരാതിയിലാണ് നടപടി. ബ്രസീൽ, അർജന്റീന ഫാൻസിനോട് ഉടൻ കട്ടൗട്ട് എടുത്ത് മാറ്റാൻ പഞ്ചായത്തിന്റെ നിർദ്ദേശം. പുഴ മലിനപ്പെടുമെന്ന കാരണം ചൂണ്ടിക്കായാണ് ശ്രീജിത്ത് പെരുമന പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയത്.

അർജന്റീനൻ താരം ലയണൽ മെസിയുടെയും ബ്രസീൽ താരം നെയ്മറുടെയും പുഴയിലെ ഫ്ലക്സ് ബോർഡുകൾ രാജ്യാന്തര തലത്തിൽ വരെ ചർച്ചയായിരുന്നു. അര്‍ജന്‍റീനയുടെ ആരാധകർ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് ചെറുപുഴയില്‍ ഉയര്‍ന്നതായിരുന്നു ആദ്യ സംഭവം. കട്ടൗട്ട് കേരളമാകെ ചർച്ചയായി. പിന്നീട് അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തു. കേരളത്തിന്റെ ഫുട്ബോൾ കമ്പം ലോകമാകെ ചർച്ച ചെയ്തു. ഇതിന് പിന്നാലെ ഇതേ സ്ഥലത്ത് അതിനേക്കാള്‍ തലപ്പൊക്കത്തില്‍ ബ്രസീൽ ആരാധകർ നെയ്‌മറുടെ കട്ടൗട്ട് സ്ഥാപിച്ചു. രാത്രിയിൽ കാണാനായി ലൈറ്റടക്കം സ്ഥാപിച്ചായികുന്നു കട്ടൗട്ട് ഉയർത്തിയത്. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ നെയ്മറുടേതിന് 40 അടിയാണ് ഉയരം.

നെയ്മറുടെ വെബ്സൈറ്റിന്റെ ഫേസ്ബുക്ക് പേജിൽ ചിത്രം പങ്കുവെച്ചിരുന്നു. 40 അടിയോളം വരുന്ന നെയ്മറുടെ കൗട്ടിന് ഏകദേശം 25,000 രൂപ ചെലവ് വന്നുവെന്നാണ് പ്രദേശത്തെ ബ്രസീല്‍ ആരാധകര്‍ പറഞ്ഞത്. പുള്ളാവൂരിലെ ചെറുപുഴയില്‍ മെസിയുടേയും നെയ്മറിന്‍റേയും ഭീമന്‍ കട്ടൌട്ടുകള്‍ വന്നതിന് പിന്നാലെ കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ടും സ്ഥാപിച്ചിരുന്നു. താമരശ്ശേരി പരപ്പൻപൊയിലിലാണ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 45 അടിയോളം ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിച്ചത്.

'നെയ്മറെ'യും പിന്തള്ളി 'സിആര്‍ 7'; ക്രെയിന്‍ ഉപയോഗിച്ച് സ്ഥാപിച്ച ക്രിസ്റ്റ്യാനോ കട്ടൌട്ടിന് ചെലവ് അരലക്ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ ഫാൻസ് കൂട്ടായ്മയായ സി.ആർ.7 പരപ്പൻപൊയിലാണ് ഭീമൻ കട്ടൗട്ടിന് പിന്നില്‍. കോഴിക്കോട് -കൊല്ലഗൽ ദേശീയപാതയോരത്ത് പരപ്പൻപൊയിൽ അങ്ങാടിയിൽ രാരോത്ത് ഗവ.ഹൈസ്ക്കൂളിന് സമീപത്തായാണ് ഭീമൻ കട്ടൗട്ട് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഉയർത്തിയത്. നൂറോളം ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർക്കൊപ്പം നാട്ടുകാരും ചേർന്നായിരുന്നു ഇത്. ക്രെയിൻ ഉപയോഗിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭീമൻ കട്ടൗട്ട് ഉയർത്തിയത്.