മ്യൂനിച്ച്: ഹൂലന്‍ ലൊപെറ്റെഗിയെ ഫുട്‌ബോള്‍ ആരാധകര്‍ മറന്നുകാണില്ല. 2018 റഷ്യന്‍ ലോകകപ്പിന് തൊട്ടമുമ്പ് സ്പാനിഷ് പരിശീലക സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട കോച്ച്. ലോകകപ്പിന് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ അദ്ദേഹം റയല്‍ മാഡ്രിഡിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തതാണ് ഇങ്ങനെയൊരു സാഹചര്യമുണ്ടാക്കിയത്. നിരാശനായി മടങ്ങിയ ലൊപെറ്റെഗിക്ക് റയല്‍ മാഡ്രിഡിലും അധികകാലം നില്‍ക്കാനായില്ല.

183 ദിവസങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് റയല്‍ മാഡ്രിഡില്‍ തുടരാനായത്. എന്നാല്‍ ഇന്നദ്ദേഹത്തിന് അഭിമാന നിമിഷമായിരുന്നു. ഇന്ന് പുലര്‍ച്ചെ യൂറോപ്പ ലീഗ് സ്വന്തമാക്കിയ സെവിയ്യയുടെ പരിശീലകനാണ് അദ്ദേഹം. ഇന്ററിനെ 3-2ന് പരാജയപ്പെടുത്തി കിരീടമുയര്‍ത്തുമ്പോള്‍ അദ്ദേഹത്തിന്റെ ആനന്ദത്തിന്റെ കണ്ണീരുണ്ടായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തിരിച്ചുവരവാണിത്. സെവിയ്യ ലാ ലിഗയില്‍ നാലാം സ്ഥാനത്ത് അവസാനിപ്പിക്കുക മാത്രമല്ല ചെയ്തത്. യൂറോപ്പയില്‍ കിരീടം നേടിപ്പിക്കാനും അദ്ദേഹത്തിനായി.

വിമര്‍ശിച്ചിവര്‍ക്കുളള ശക്തമായി മറുപടിയായിരുന്നു അദ്ദേഹത്തിന്റെ യൂറോപ്പ ജയം. അവസാന രണ്ട് ലാ ലിഗ സീസണിലും പിറകിലായിരുന്നു ടീമാണ് സെവിയ്യ. ലൊപെറ്റെഗി പരിശീലകനായ ശേഷം വന്‍മാറ്റമാണുണ്ടായത്. യൂറോപ്പയിലാവട്ടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ഇന്റര്‍ മിലാന്‍ പോലുള്ള വലിയ ക്ലബുകളെ മറികടന്നു. യൂറോപ്പ നേട്ടത്തോടെ വരും സീസീസണില്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുയാണ് ലൊപെറ്റെഗിയും സംഘവും.