റോം: ബാഴ്‌സലോണ സൂപ്പര്‍താരം ലൂയി സുവാരസ് ഇറ്റാലിയന്‍ ലീഗിലേക്ക് ചേക്കേറുമെന്ന് ഉറപ്പായി. ഇറ്റാലിയന്‍ പൗരത്വം എടുക്കുന്നതിന് മുന്നോടിയായി ഇറ്റലിയിലെ പെരുഗിയയിലെത്തി സുവാരസ്  ഇറ്റാലിയന്‍ ഭാഷാ പരീക്ഷ പാസായി. ഒരു മണിക്കൂര്‍ നീണ്ട പരീക്ഷയില്‍ സുവാരസിന് ബി1 ഡിപ്ലോമ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്.

യൂറോപ്യന്‍ യൂണിയന്‍ അംഗമല്ലാത്ത രാജ്യത്തുനിന്നുള്ള കളിക്കാരനായതിനാല്‍ ഇറ്റലിയിലേക്ക് മാറാനും ഇരട്ടപൗരത്വം ലഭിക്കാനും സുവാരസിന് ഭാഷാ പരീക്ഷ പാസാവണമായിരുന്നു. സീരി എ നിയമപ്രകാരം ഒരു സീസണില്‍ യൂറോപ്യന്‍ യൂണിയന്‍ ഇതരരാജ്യങ്ങളില്‍ നിന്ന് രണ്ട് താരങ്ങളെ മാത്രമെ സീരി എയില്‍ കളിപ്പിക്കാനാവു. ഈ സീസണില്‍ ബ്രസീലിയന്‍ താരം ആര്‍തറിനെയും അമേരിക്കന്‍ താരം വെസ്റ്റണ്‍ മക്കന്‍സിയെയും സീരി എയില്‍ എടുത്തതിനാല്‍ മൂന്നാമതൊരു താരത്തെ കൂടി എടുക്കാന്‍ കഴിയാത്ത സാഹചര്യം വന്നു.

ഈ സാഹചര്യത്തിലാണ് സുവാരസിന് ഇറ്റാലിയന്‍ പൗരത്വം ആവശ്യമായി വന്നത്. ബാഴ്സലോണയിലെ തന്റെ ഭാവിപദ്ധതികളില്‍ സുവാരസിന് സ്ഥാനമില്ലെന്ന് പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍ വ്യക്തമാക്കിതോടെയാണ് സുവാരസ് പുതിയ ക്ലബ്ബ് തേടാന്‍ നിര്‍ബന്ധിതനായത്. ഭാഷാ പരീക്ഷ പാസായതോടെ ഈ മാസം തന്ന പൗരത്വം ലഭിക്കാനും ക്ലബ്ബ് മാറ്റം സാധ്യമാക്കാനും കഴിയും. ഇറ്റലിയിലേക്ക് പോകുന്നതിന് മുന്നോടിയായി ഇന്നലെയും സുവാരസ് ബാഴ്സ താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിയെങ്കിലും കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തില്‍ സുവാരസിനെ കളിപ്പിച്ചിരുന്നില്ല.

സുവാരസിന് പുറമെ അര്‍തുറോ വിദാല്‍, ഇവാന്‍ റാകിടിച്ച് എന്നിവര്‍ക്കും ബാഴ്സയില്‍ ഒന്നും ചെയ്യാനില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. റാകിടിച്ച് സെവിയ്യയിലേക്ക് മടങ്ങുകയും ചെയ്തു. വിദാല്‍ ആവട്ടെ ഇന്റര്‍ മിലാനിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.