Asianet News MalayalamAsianet News Malayalam

വികാരാധീനനായി കണ്ണീരണിഞ്ഞ് സുവാരസ് ഒടുവില്‍ ബാഴ്സ വിട്ടു, ലാ ലിഗയില്‍ ഇനി ബാഴ്സക്കെതിരെ പോരിനിറങ്ങും

സുവാരസിന്‍റെ കൈമാറ്റത്തിനായി അത്‌ലറ്റിക്കോ മാഡ്രിഡ് ബാഴ്സക്ക് ഏഴ് ദശലക്ഷം ഡോളര്‍ ബോണസ് പേയ്മെന്‍റ് ആയി നല്‍കും. അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മാറുന്നതിന് മുന്നോടിയായി ബാഴ്സ സുരാവസിന് യാത്രയയപ്പ് നല്‍കി.

Luis Suarez's 6-year-old association with Barcelona
Author
Madrid, First Published Sep 24, 2020, 6:42 PM IST

മാഡ്രിഡ്: സൂപ്പര്‍ താരം ലൂയി സുവാരസ് ഔദ്യോഗികമായി ബാഴ്സലോണ വിട്ടു. ലാ ലിഗയില്‍ കിരീടപ്പോരാട്ടത്തില്‍ ബാഴ്സയുടെ എതിരാളികളായ അത്ലറ്റിക്കോ മാഡ്രിഡാണ് സുരാവസിന്‍റെ പുതിയ തട്ടകം. ബാഴ്സയില്‍ ആറ് വര്‍ഷം കളിച്ചശേഷമാണ് സുവാരസ് ക്ലബ്ബ് വിട്ടത്. ബാഴ്സക്കായി 198 ഗോളുകള്‍ നേടിയിട്ടുള്ള 33കാരനായ സുവാരസ് ക്ലബ്ബിന്‍റെ എക്കാലത്തെയും വലിയ മൂന്നാമത്തെ വലിയ ഗോള്‍വേട്ടക്കാരനാണ്.

ബാഴ്സയുമായി ഒരുവര്‍ഷത്തെ കരാര്‍ കൂടി ബാക്കിയുണ്ടായിരുന്നെങ്കിലും തന്‍റെ ടീമില്‍ സുവാരസിന് ഇടമുണ്ടാകില്ലെന്ന് പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍ വ്യക്തമാക്കിയതോടെയാണ് യുറുഗ്വേ സൂപ്പര്‍താരം പുതിയ ക്ലബ്ബിലേക്ക് കൂടുമാറാന്‍ തിരുമാനിച്ചത്. ഇറ്റാലിയന്‍ ലീഗായ സീരിയ എ ടീമായ യുവന്‍റസിലേക്ക് മാറാനാണ് സുവാരസ് ആദ്യം ശ്രമിച്ചതെങ്കിലും അത് പരാജയപ്പെട്ടു. തുടര്‍ന്നാണ് അത്‌ലറ്റിക്കോ മാഡ്രിഡുമായി സുവാരസ് കരാറിലെത്തിയത്. സീസണിന്‍റെ തുടക്കത്തില്‍ ബാഴ്സ ടീം അംഗങ്ങള്‍ക്കൊപ്പം സുവാരസ് പരിശീലനം നടത്തിയെങ്കിലും ലീഗിന് മുന്നോടിയായി നടന്ന രണ്ട് സൗഹൃദ മത്സരങ്ങളിലും കൂമാന്‍, സുവാരസിനെ കളിപ്പിച്ചിരുന്നില്ല.

സുവാരസിന്‍റെ കൈമാറ്റത്തിനായി അത്‌ലറ്റിക്കോ മാഡ്രിഡ് ബാഴ്സക്ക് ഏഴ് ദശലക്ഷം ഡോളര്‍ ബോണസ് പേയ്മെന്‍റ് ആയി നല്‍കും. അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മാറുന്നതിന് മുന്നോടിയായി ബാഴ്സ സുരാവസിന് യാത്രയയപ്പ് നല്‍കി. യാത്രയപ്പില്‍ ക്ലബ്ബിലെ തന്‍റെ കരിയറിനെക്കുറിനെ കുറിച്ച് വിശദീകരിക്കവെ  വികാരാധീനനായി സുവാരസ് കണ്ണീരണിഞ്ഞു.

ബാഴ്സയില്‍ തന്നെ പിന്തുണച്ച ആരാധകര്‍ക്ക് സുവാരസ് നന്ദി പറഞ്ഞു. നവംബര്‍ 22ന് ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡും ബാഴ്സലോണയും നേര്‍ക്കുനേര്‍ വരുമ്പോള്‍ തന്‍റെ പഴയ ടീമിനെതിരെ സുവാരസിന് പോരിനിറങ്ങേണ്ടിവരും.

Follow Us:
Download App:
  • android
  • ios