ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ മയ്യോര്‍ക്കയെ 5-2ന് തകര്‍ത്ത് ബാഴ്സലോണ റയല്‍ മാഡ്രിഡിനെ പിന്തള്ളി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ താരമായത് ഹാട്രിക്ക് നേടിയ ക്യാപ്റ്റന്‍ ലിയോണല്‍ മെസ്സിയായിരുന്നു. ബാഴ്സക്കായി 35-ാം ഹാട്രിക്ക് തികച്ച മെസ്സി റയലിനായി 34 ഹാട്രിക്ക് നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് മറികടക്കുകയും ചെയ്തു.

എന്നാല്‍ മെസ്സിയുടെ ഹാട്രിക്കിലും മങ്ങാത്ത അത്ഭുത ഗോളുമായി ലൂയി സുവാരസ് ആരാധകരെ അമ്പരപ്പിച്ചു. ബാക് ഹീലുകൊണ്ട് പന്തിനെ ബോക്സിലേക്ക് തിരിച്ചുവിട്ടായിരുന്നു സുവാരസിന്റെ ഗോള്‍ വേട്ട. മെസ്സിക്കും സുവാരസിനും പുറമെ ഗ്രീസ്മാനും കൂടി ഗോള്‍ നേടിയതോടെ എംഎസ്‌ജി സഖ്യം ഗോള്‍ പട്ടിക തികയ്ക്കുകയും ചെയ്തു.

തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോളായിരുന്നു അതെന്ന് മത്സരശേഷം സുവാരസ് പറഞ്ഞു. ടൈറ്റ് ആംഗിളില്‍ ബാക് ഹീല്‍ ഷോട്ടിന് ശ്രമിക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നുവെന്നും സുവാരസ് പറഞ്ഞു. പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദെ എപ്പോഴും പറയാറുള്ളത് ഞാന്‍ അനായാസ അവസരങ്ങള്‍ നഷ്ടമാക്കുന്നയാളും ബുദ്ധിമുട്ടേറിയ ആംഗിളുകളില്‍ നിന്ന് ഗോള്‍ നേടുന്ന ആളാണെന്നുമാണ്. അത് വീണ്ടും സത്യമായെന്നും സുവാരസ് പറഞ്ഞു.