ബാഴ്സലോണ: ബാഴ്സലോണ പരിശീലകനായി ചുമതലയേറ്റ റൊണാള്‍ഡ് കോമാന്‍ കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സൂപ്പര്‍ താരം ലൂയി സുവാരസുമായി സംസാരിച്ച കോമാന്‍ സുവാരസിന്റെ കരാര്‍ പുതുക്കാന്‍ ക്ലബ്ബിന് താല്‍പര്യമില്ലെന്നും താരത്തിന് ക്ലബ്ബ് വിടാമെന്നും സന്ദേശം നല്‍കി. അടുത്തവര്‍ഷം വരെ സുവാരസിന് ബാഴ്സയുമായി കരാറുണ്ടെങ്കിലും ഈ സീസണില്‍ തന്നെ ക്ലബ്ബ് വിടണമെന്നാണ് കോമാന്‍ സുവാരസിനെ അറിയിച്ചിരിക്കുന്നത്.  

അവധിക്കാലം ആഘോഷിക്കുന്ന സുവാരസുമായി ഫോണിലാണ് കോമാന്‍ സംസാരിച്ചത്. 2021 ജൂണ്‍ 30വരെയാണ് സുവാരസിന് ബാഴ്സയുമായി കരാറുള്ളത്. ബാഴ്സയുടെ എക്കാലത്തെയും മൂന്നാമത്തെ വലിയ ഗോള്‍വേട്ടക്കാരനാണ് സുവാരസ്. ബാഴ്സ കുപ്പായത്തില്‍ 283 കളികളില്‍ 198 ഗോളുകള്‍ നേടിയ സുവാരസ് 108 അസിസ്റ്റുകളും നടത്തി. ബാഴ്സക്കൊപ്പം നാല് ലാ ലിഗ കിരീടങ്ങളും 2015ലെ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നേടി. നെയ്മറ്‍ക്കും മെസിക്കുമൊപ്പം എംഎസ്എന്‍ സഖ്യത്തിലും സുവാരസ് തിളങ്ങി.

2014ലാണ് ലിവര്‍പൂള്‍ വിട്ട് സുവാരസ് ബാഴ്സയിലെത്തിയത്. സുവാരസിന് പുറമെ ജെറാര്‍ദ് പിക്വെ, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്ക്വറ്റ്സ് എന്നിവരും ബാഴ്സയില്‍ നിന്ന് പുറത്താവുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സൂപ്പര്‍ ലിയോണല്‍ മെസി ക്ലബ്ബില്‍ തുടരുമോ എന്ന കാര്യത്തില്‍ ഇതുവരെ മനസുതുറന്നിട്ടില്ല.