കരിയര്‍ തന്റെ കയ്യിലല്ലെന്ന് കൂമാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ചാംപ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ബയേണ്‍ മ്യൂനിച്ചിനനോട് തോറ്റ ബാഴ്‌സലോണ കഴിഞ്ഞ ദിവസം ബെന്‍ഫിക്കയോടും നാണംകെട്ടു.

ബാഴ്‌സലോണ: യുവേഫ പ്യന്‍സ് ലീഗില്‍ തുടര്‍തോല്‍വി വഴങ്ങിയ ബാഴ്‌സലോണ (Barcelona) പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍ (Ronald Koeman) പുറത്തേക്കുള്ള വഴിയിലാണ്. കരിയര്‍ തന്റെ കയ്യിലല്ലെന്ന് കൂമാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ചാംപ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ബയേണ്‍ മ്യൂനിച്ചിനനോട് തോറ്റ ബാഴ്‌സലോണ കഴിഞ്ഞ ദിവസം ബെന്‍ഫിക്കയോടും നാണംകെട്ടു.

ലാലിഗയില്‍ ആറ് കളിയില്‍ പകുതിയിലും സമനില. നിലവില്‍ ആറാം സ്ഥാനത്ത്. കൂമാനെ മാറ്റണമെന്ന കാര്യത്തില്‍ മാനേജ്‌മെന്റിന് എതിരഭിപ്രായമില്ലെങ്കിലും പകരക്കാരിലാണ് ആശങ്ക. താരങ്ങളുടെ പിന്തുണ തനിക്ക് കിട്ടുന്നുണ്ടെന്നും മാനേജ്‌മെന്റിന്റെ മനസിലുള്ളത് അറിയില്ലെന്നുമുള്ള കൂമാന്റെ വാക്കുകള്‍ പുറത്തേക്കുള്ള സൂചനയാണ്.

ബെല്‍ജിയം പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ്, ആന്ദ്രേപിര്‍ലോ, റിവര്‍പ്ലേറ്റിന്റെ അര്‍ജന്റീന പരിശീലകന്‍ മാര്‍സെലോ ഗെല്ലാര്‍ഡോ എന്നിവരുള്ള സാധ്യത പട്ടികയില്‍ മുന്‍താരം സാവി ഹെര്‍ണാണ്ടസും മുന്നിലുണ്ട്. നിലവില്‍ ഖത്തര്‍ ക്ലബ്ബ് അല്‍സാദിന്റെ പരിശീലകനാണ് സാവി.

കളിയിലും പരിശീലനത്തിലും മികവ് തെളിയിച്ചിട്ടുണ്ടെങ്കിലും സാവി ഉടന്‍ ബാഴ്‌സയുടെ ചുമലതയേറ്റെടുക്കരുതെന്നാണ് മുന്‍സഹതാരവും സുഹൃത്തുമായ ലൂയിസ് സുവാരസ് പറയുന്നത്. സാവി ബുദ്ധിമാനാണ്. ടീമിന്റെ ശക്തിയും ദൗര്‍ബല്യവും അറിയാവുന്നയാള്‍. പക്ഷേ ചുമതലയേല്‍ക്കേണ്ട ശരിയായ സമയത്താണ് അത് വേണ്ടതെന്നാണ് സുവാരസിന്റെ മുന്നറിയിപ്പ്. 

നേരത്തെ ബാഴ്‌സ വിട്ട് അത്‌ലറ്റിക്കോയിലെത്തിയപ്പോള്‍ സുവാരസ് കൂമാനെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. കൂമാനെ ഉടന്‍ മാറ്റുകയാണെങ്കില്‍ അക്കാദമി ചുമതല വഹിക്കുന്ന ആല്‍ബെര്‍ട്ട് കാപ്പെല്ലാസിന് താല്‍ക്കാലിക ചുമതല നല്‍കാനും സാധ്യതയുണ്ട്.