ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടം. ചെല്‍സി രാത്രി പതിനൊന്നിന് ആഴ്‌സണലിനെ നേരിടും. ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 14 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ചെല്‍സി 25 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. 14 പോയിന്റ് മാത്രമുള്ള ആഴ്‌സണല്‍ പതിനഞ്ചാം സ്ഥാനത്തും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വൈകിട്ട് ആറിന് തുടങ്ങുന്ന കളിയില്‍ ലെസ്റ്റര്‍ സിറ്റിയെ നേരിയും. 13 മത്സരങ്ങളില്‍ 26 പോയിന്റുള്ള യുണൈറ്റഡ് മൂന്നാം സ്ഥാനത്താണ്്. ഒരു മത്സരം കൂടുതല്‍ കളിച്ച ലെസ്റ്റര്‍ 27 പോയിന്റുമായി രണ്ടാം സ്ഥാനത്തും. 

മാഞ്ചസ്റ്റര്‍ സിറ്റി പുലര്‍ച്ചെ 1.30ന് ന്യൂകാസില്‍ യുണൈറ്റഡിനെയും നേരിടും. എന്നാല്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസിനും ഡിഫന്‍ഡര്‍ കെയ്ല്‍ വാക്കറിനും കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ കളിക്കാന്‍ സാധിക്കില്ല. ഇരുവരേയും ഐസൊലേഷനിലേക്ക് മാറ്റി. താരങ്ങള്‍ക്കൊപ്പം രണ്ട് സപ്പോര്‍ട്ട് സ്റ്റാഫിനും കൊവിഡ് പോസിറ്റീവായിട്ടുണ്ട്. നേരത്തേ കെയ്ല്‍ വാക്കര്‍ രണ്ടു തവണ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് മാപ്പ് പറഞ്ഞിരുന്നു.

വൈകിട്ട 8.30 നടക്കുന്ന മത്സരത്തില്‍ സതാംപ്ടണ്‍ ഫുള്‍ഹാമിനെ നേരിടും. ഇതേസമയം ആസ്റ്റണ്‍ വില്ല, ക്രിസ്റ്റല്‍ പാലസിനേയും നേരിടും. എവര്‍ട്ടണ്‍ പുലര്‍ച്ചെ 1.30ന് നടക്കുന്ന മത്സരത്തില്‍ ഷെഫീല്‍ഡ് യുനൈറ്റഡുമായി മത്സരിക്കും.