ഫ്ലുമിനൻസിന്‍റെ ബ്രസീലിയന്‍ ചരിത്രത്തെ മൈതാനത്ത് അപ്രത്യക്ഷമാക്കുന്ന പ്രകടനമായിരുന്നു കലാശപ്പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റി പുറത്തെടുത്തത്

റിയാദ്: മാഞ്ചസ്റ്റര്‍ സിറ്റി ഫിഫ ക്ലബ് ലോകകപ്പ് ചാമ്പ്യന്മാര്‍. സൗദി അറേബ്യ വേദിയായ കലാശക്കളിയിൽ ബ്രസീൽ ക്ലബ് ഫ്ലുമിനൻസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് സിറ്റി കിരീടത്തില്‍ മുത്തമിട്ടത്. ജൂലിയൻ അൽവാരസ് ഇരട്ട ഗോൾ നേടി. ഫിൽ ഫോഡനും സിറ്റിക്കായി വലചലിപ്പിച്ചപ്പോൾ ഫ്ലൂമിനൻസ് താരം നിനോയുടെ സെൽഫ് ഗോളാണ് സിറ്റിയുടെ സ്കോർ നാലിൽ എത്തിച്ചത്. സിറ്റിയുടെ ആദ്യ ക്ലബ് ലോകകപ്പ് കിരീടമാണിത്. ഇതോടെ ക്ലബ് ലോകകപ്പ് നേടുന്ന നാലാമത്തെ ഇംഗ്ലീഷ് ക്ലബായി മാഞ്ചസ്റ്റർ സിറ്റി മാറി. 

ഫ്ലുമിനൻസിന്‍റെ ബ്രസീലിയന്‍ ചരിത്രത്തെ മൈതാനത്ത് അപ്രത്യക്ഷമാക്കുന്ന പ്രകടനമായിരുന്നു കലാശപ്പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റി പുറത്തെടുത്തത്. ജൂലിയൻ അൽവാരസ് സ്ട്രൈക്കറും തൊട്ടുപിന്നില്‍ ബെര്‍ണാഡോ സില്‍വയും ഫില്‍ ഫോഡനും ജാക്ക് ഗ്രീലിഷും അണിനിരന്ന സിറ്റിയുടെ ആക്രമണത്തെ ചെറുക്കാന്‍ ഒരു ഘട്ടത്തിലും ഫ്ലുമിനൻസിനായില്ല. കിക്കോഫായി കാണികള്‍ ഉണരും മുമ്പുതന്നെ 45-ാം സെക്കന്‍ഡില്‍ ജൂലിയന്‍ ആല്‍വാരസിലൂടെ സിറ്റി മുന്നിലെത്തി. 27-ാം മിനുറ്റില്‍ നിനോയുടെ സെൽഫ് ഗോള്‍ ഫ്ലുമിനൻസിന് ഇരട്ട ആഘോതമായി. രണ്ടാംപകുതിയില്‍ 72-ാം മിനുറ്റില്‍ ഫില്‍ ഫോഡനും 88-ാം മിനുറ്റില്‍ ഫൈനലില്‍ തന്‍റെ രണ്ടാം ഗോളോടെ ആല്‍വാരസും വല ചലിപ്പിച്ചതോടെ സിറ്റി നാല് ഗോളിന്‍റെ ലീഡെടുത്തു. ഓണ്‍ടാര്‍ഗറ്റ് ഷോട്ടുകള്‍ മറന്ന ഫ്ലുമിനൻസിന് അവസാന വിസില്‍ മുഴങ്ങുമ്പോള്‍ ഒറ്റത്തവണ പോലും മറുപടിയുണ്ടായിരുന്നില്ല. 

പന്തടക്കത്തിലും ആക്രമണത്തിലും ഒരുപോലെ മുന്നിട്ടുനിന്നാണ് സിറ്റിയുടെ കിരീടധാരണം. 55 ശതമാനം ബോള്‍ പൊസിഷനും 8 ഓണ്‍ടാര്‍ഗറ്റ് ഷോട്ടുകളും സിറ്റിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. സിറ്റി മാനേജരായി പെപ് ഗാര്‍ഡ‍ിയോളയുടെ 14-ാം കിരീടമാണിത്. പെപിന്‍റെ കോച്ചിംഗ് കരിയറിലെ 37-ാം കപ്പ് കൂടിയാണിത്. ഡിസംബര്‍ 27ന് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടന് എതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം. 30-ാം തിയതി ഷെഫീല്‍ഡ് യുണൈറ്റുമായും സിറ്റിക്ക് പോരാട്ടമുണ്ട്. 

Read more: പിച്ചില്‍ കുറുമ്പ് ഇത്തിരി കൂടിപ്പോയി, ടോം കറന്‍റെ ചെവിക്ക് പിടിച്ച് ബിഗ് ബാഷ്; നാല് മത്സരങ്ങളില്‍ വിലക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം