ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയിട്ടുള്ള ഒരു പ്രവചനം ഫുട്ബോള്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഹോസെ മിഗ്വെല്‍ പൊളാന്‍കോ എന്ന സ്പാനിഷ് ഫുട്ബോള്‍ ആരാധകനാണ് പ്രവചനം നടത്തിയിരിക്കുന്നത്, അതും ഏഴ് വര്‍ഷം മുമ്പ്.

ദോഹ: ലോകകപ്പിലെ മത്സരങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങാറുള്ളതാണ് പ്രവചനങ്ങളും. പോൾ നീരാളിയും ചൈനീസ് പാണ്ടയും അടക്കം പ്രവചനം നടത്തി ശ്രദ്ധനേടിയ വാർത്തകൾ ഓരോ ലോകകപ്പിലും പുറത്ത് വരാറുണ്ട്. എന്നാല്‍, ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയിട്ടുള്ള ഒരു പ്രവചനം ഫുട്ബോള്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഹോസെ മിഗ്വെല്‍ പൊളാന്‍കോ എന്ന സ്പാനിഷ് ഫുട്ബോള്‍ ആരാധകനാണ് പ്രവചനം നടത്തിയിരിക്കുന്നത്, അതും ഏഴ് വര്‍ഷം മുമ്പ്.

കൃത്യമായി പറഞ്ഞാല്‍ 2015 മാര്‍ച്ച് 20നാണ് പൊളാന്‍കോ ഒരു ലോകകപ്പ് പ്രവചനം നടത്തിയത്. 2022 ഡിസംബര്‍ 18ന് 34കാരനായ ലിയോണല്‍ മെസി ലോകകപ്പ് ഉയര്‍ത്തുമെന്നും എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമായി മാറുമെന്നാണ് ആ പ്രവചനത്തില്‍ പറയുന്നത്. ഏഴ് വര്‍ഷത്തിന് ശേഷം ഇത് സത്യമാണോ എന്ന് വന്നു നോക്കാനും പൊളാന്‍കോ ട്വിറ്ററില്‍ കുറിച്ചിരുന്നു. മെസി കപ്പ് ഉയര്‍ത്തുമെന്നുള്ള പ്രവചനം ഒക്കെ പലരും മുമ്പ് നടത്തിയിട്ടുണ്ടെങ്കിലും കൃത്യമായി ഡിസംബര്‍ 18 എന്ന തീയതിയൊക്കെ പൊളാന്‍കോ എങ്ങനെ പറഞ്ഞുവെന്നുള്ള അമ്പരപ്പിലാണ് ഫുട്ബോള്‍ ലോകം.

Scroll to load tweet…

എന്തായാലും ട്വീറ്റില്‍ പറഞ്ഞിട്ടുള്ള കാര്യം സത്യമാകട്ടെ എന്നുള്ള പ്രാര്‍ത്ഥനയിലാണ് അര്‍ജന്‍റീന ആരാധകര്‍. ഇതിഹാസ പൂര്‍ണതയ്ക്ക് ലോകകപ്പിന്‍റെ മേമ്പൊടി കൂടി വേണമെന്ന് വാശി പിടിക്കുന്നവര്‍ക്ക് മറുപടി നൽകി ലിയോണല്‍ മെസിക്ക് കിരീടമുയര്‍ത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്. ഒപ്പം തുടര്‍ച്ചയായി രണ്ട് വട്ടം ലോക കിരീടത്തില്‍ മുത്തമിടുക എന്ന് അതുല്യ നേട്ടമാണ് ഫ്രാന്‍സിനെ കാത്തിരിക്കുന്നത്. പരസ്പരമുള്ള വാക്പോരുകള്‍ മത്സരത്തിന് മുമ്പേ ശ്രദ്ധനേടി കഴിഞ്ഞു. ലോകകപ്പ് ഫൈനല്‍ എന്നാല്‍ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി മാത്രം മത്സരിക്കുന്ന പോരാട്ടമല്ലെന്ന് ഫ്രാന്‍സ് ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഹ്യഗോ ലോറിസ് തുറന്നു പറഞ്ഞു. ലോകകപ്പ് ഫൈനലിനെ മെസിയിലേക്ക് മാത്രമായി ചുരുക്കരുതെന്നും മത്സരത്തലേന്നുള്ള വാര്‍ത്താസമ്മേളനത്തില്‍ ലോറിസ് പറഞ്ഞു.