Asianet News MalayalamAsianet News Malayalam

കാസമിറോയുടെ റെഡ്കാര്‍ഡ്, നഷ്ടമാവുക മൂന്ന് മത്സരം! അപ്പീല്‍ നല്‍കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

കാസമിറോ പരിധിവിട്ടെന്നത് ശരിയാണെങ്കിലും ഇതേകുറ്റം ചെയ്ത മറ്റ് താരങ്ങളും അവിടെയുണ്ടായിരുന്നെന്ന് മറക്കരുതെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ഹാഗ് വ്യക്തമാക്കി.

Man United stance on possible casemiro appeal over red card saa
Author
First Published Feb 5, 2023, 8:16 PM IST

മാഞ്ചസ്റ്റര്‍: കാസമിറോയ്ക്ക് റെഡ് കാര്‍ഡ് കിട്ടിയ സംഭവത്തില്‍ അപ്പീല്‍ നല്‍കാനുള്ള നടപടി തുടങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ആന്റണിയെ വീഴ്ത്തിയതിന് പിന്നാലെയുണ്ടായ തര്‍ക്കത്തിനിടെ എതിര്‍താരത്തെ കഴുത്തിന് പിടിച്ചത് ചൂണ്ടിക്കാട്ടിയാണ് കാസമിറോയ്ക്ക് റഫറി വാര്‍ പരിശോധനയിലൂടെ റെഡ് കാര്‍ഡ് നല്‍കിയത്. കഴുത്തിന് പിടിച്ചെങ്കിലും ഇരുവരും സൗഹൃദസംഭാഷണത്തിന് ശേഷം മടങ്ങുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു.

ഇത് ചൂണ്ടിക്കാട്ടിയാണ് റെഡ് കാര്‍ഡ് പിന്‍വലിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആവശ്യപ്പെടുന്നത്. കാസമിറോ പരിധിവിട്ടെന്നത് ശരിയാണെങ്കിലും ഇതേകുറ്റം ചെയ്ത മറ്റ് താരങ്ങളും അവിടെയുണ്ടായിരുന്നെന്ന് മറക്കരുതെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ഹാഗ് വ്യക്തമാക്കി. റെഡ് കാര്‍ഡ് കിട്ടിയതോടെ അടുത്ത മൂന്ന് മത്സരങ്ങള്‍ കാസമിറോയ്ക്ക് നഷ്ടമാകും. ഇന്നലെ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു മാഞ്ചസ്റ്ററിന്റെ ജയം. 

ഇരുപകുതികളിലായി ബ്രൂണോ ഫെര്‍ണാണ്ടസും മാര്‍ക്കസ് റാഷ്‌ഫോര്‍ഡുമാണ് യുണൈറ്റഡിന്റെ ഗോളുകള്‍ നേടിയത്. ഏഴാം മിനിറ്റിലായിരുന്നു ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോള്‍. റാഷ്‌ഫോര്‍ഡ് അറുപത്തിരണ്ടാം മിനിറ്റിലും ലക്ഷ്യം കണ്ടു. എഴുപത്തിയാറാം മിനിറ്റില്‍ ജെഫ്രിയാണ് ക്രിസ്റ്റല്‍ പാലസിനായി സ്‌കോര്‍ ചെയ്തത്.

ആരാധകനെ തിരഞ്ഞ് റാഷ്‌ഫോര്‍ഡ്

ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തിനിടെ ഗോളാഘോഷത്തിനിടെ കെട്ടിപ്പിടിച്ച ആരാധകനെ തിരഞ്ഞ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. ചിത്രം സഹിതമാണ് റാഷ്‌ഫോര്‍ഡ് സൂമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. ക്രിസ്റ്റല്‍ പാലസിനെതിരായ യുണൈറ്റഡിന്റെ  രണ്ടാമത്തെ ഗോള്‍ നേടിയ റാഷ്‌ഫോര്‍ഡ് ആരാധകര്‍ക്കിടയിലേക്ക് ഓടിയെത്തി. ആരാധകര്‍ക്കിടയില്‍ നിന്ന് തന്നെ ചേര്‍ത്തുപിടിച്ച ആരാധകനെ തേടുകയാണ് ഇപ്പോള്‍ താരം.

ഇത് ആരെന്നറിയാന്‍ ആഗ്രഹമുണ്ട്. എന്റെ ഒപ്പോട് കൂടിയ ജേഴ്‌സി സമ്മാനിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ചിത്രം സഹിതം റാഷ്‌ഫോര്‍ഡ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആരാധകരുടെ പിന്തുണയാണ് ടീമിന്റെ തിരിച്ചുവരവിന് കാരണമെന്നും റാഷ്‌ഫോര്‍ഡ്. ഓള്‍ഡ്ട്രഫോര്‍ഡില്‍ തുടരെ 13-ാം ജയം നേടിയ യുണൈറ്റഡ് ലീഗില്‍ മൂന്നാം സ്ഥാനത്താണ്. സീസണില്‍ യുണൈറ്റഡിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും റാഷ്‌ഫോര്‍ഡാണ്. 19 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്.

പാകിസ്ഥാനില്‍ സ്‌ഫോടനം! പിഎസ്എല്ലിന് മുന്നോടിയായുള്ള പ്രദര്‍ശനമത്സരം നിര്‍ത്തിവച്ചു

Follow Us:
Download App:
  • android
  • ios