58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള റീലാണ് പോള്‍ പോഗ്‌ബ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്

ബെംഗളൂരു: ഇന്ത്യയിലെ ഹിജാബ് സംഘര്‍ഷങ്ങള്‍ (Karnataka Hijab Row) അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാകുന്നു. നൊബേൽ ജേതാവ് മലാല യൂസഫ്‌സായിക്ക് (Malala Yousafzai) പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയും (Paul Pogba) വിവാദത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പോഗ്‌ബയുടെ പ്രതികരണം. 

ഇന്ത്യയിൽ ഹിജാബ് ധരിച്ച് കോളേജിൽ പോകുന്ന മുസ്ലീം വിദ്യാര്‍ഥിനികളെ ഹിന്ദുത്വ ആൾക്കൂട്ടങ്ങൾ ഉപദ്രവിക്കുന്നത് തുടരുകയാണ് എന്ന് തലക്കെട്ടോടെ 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള റീലാണ് പോള്‍ പോഗ്‌ബ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്. കാവിയണിഞ്ഞ നിരവധി ആണ്‍കുട്ടികളും പുരുഷന്‍മാരും ഹിജാബണിഞ്ഞ പെണ്‍കുട്ടികള്‍ക്ക് ചുറ്റുംകൂടി ആക്രോശിക്കുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കുറച്ച് ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്ക് ചുറ്റും മനുഷ്യമതില്‍ തീര്‍ത്തിരിക്കുന്നതും വീഡിയോയിലുണ്ട്. 

പ്രതികരിച്ച് മലാലയും

ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കർണാടകയിലെ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധം ഹിന്ദു-മുസ്ലീം സംഘര്‍ഷങ്ങളിലേക്ക് വഴിമാറുന്നതിനിടെ പ്രതികരണവുമായി നൊബേല്‍ സമ്മാനജേതാവ് മലാല യൂസഫ്‌സായ് നേരത്തെ രംഗത്തെത്തിയിരുന്നു. ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്‌കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു വാർത്ത പങ്കുവച്ച് മലാല ട്വീറ്റ് ചെയ്‌തത്. സ്ത്രീകളെ മാറ്റിനിർത്തുന്നത് ഇനിയെങ്കിലും ഇന്ത്യൻ നേതാക്കൾ അവസാനിപ്പിക്കണമെന്നും മലാല ആവശ്യപ്പെട്ടിരുന്നു. 

കര്‍ണാടകയിലെ സർക്കാർ സ്‌കൂളുകളില്‍ ഹിജാബ് ധരിക്കുന്നതിന് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് വിവാദങ്ങൾ ഉടലെടുത്തത്. ഹിജാബ് ധരിച്ച് ക്ലാസിലിരിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ വിദ്യാർഥിനികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനെതിരെ തീവ്രഹിന്ദു സംഘടനകളും രംഗത്തെത്തിയതോടെ കോളേജുകളിലെ സംഘര്‍ഷം തെരുവുകളിലേക്ക് വ്യാപിച്ചു. വിവിധയിടങ്ങളില്‍ വിദ്യാര്‍ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി. ഇതോടെ സ്‌കൂളുകളും കോളേജുകളും അടക്കേണ്ട സാഹചര്യമുണ്ടായി. 

ഹിജാബ് നിരോധിച്ച കർണാടക സർക്കാർ ഉത്തരവിനെതിരെ വിവിധ വിദ്യാർഥിനികളും സംഘടനകളും കോടതിയെ സമീപിച്ചിരുന്നു. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരാമെന്നാണ് ഇടക്കാല ഉത്തരവില്‍ കർണാടക ഹൈക്കോടതി വ്യക്തമാക്കിയത്. ഹിജാബ് മാത്രമല്ല, കാവി ഷാൾ പുതച്ചുവരികയും ചെയ്യരുത് എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അതേസമയം ഹര്‍ജികളില്‍ കര്‍ണ്ണാടക ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് നോക്കട്ടേയെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഇടക്കാല ഉത്തരവിനെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ തയ്യാറായില്ല. 

Hijab Ban : ഹിജാബ്, ഹര്‍ജിയുമായി യൂത്ത് കോണ്‍ഗ്രസും, കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് സുപ്രീംകോടതി