എന്നാല്‍ മെസിയെ വില്‍ക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ബാഴ്സ ഇപ്പോഴും. പക്ഷെ ബാഴ്സ മാനേജ്മെന്റിലെ ഒരുവിഭാഗത്തിന് മെസിയെ കൈവിട്ട് ലഭിക്കുന്ന തുകകൊണ്ട് ടീം ഉടച്ചുവാര്‍ക്കണമെന്ന അഭിപ്രായവുമുണ്ട്.

ലണ്ടന്‍: ബാഴ്സലോണയില്‍ തുടരുമോ എന്ന കാര്യത്തില്‍ സൂപ്പര്‍ താരം ലിയോണല്‍ മെസി ഇതുവരെ മനസുതുറന്നിട്ടില്ലെങ്കിലും മെസിയെ സ്വന്തമാക്കാനുള്ള ഗൗരവമായ ആലോചനയിലേക്ക് കടന്ന് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി. താങ്ങാവുന്ന വിലക്ക് മെസിയെ വില്‍ക്കാന്‍ ബാഴ്സ തീരുമാനിച്ചാല്‍ അതിന് എത്ര തുക വേണ്ടിവരുമെന്ന് കണക്കുക്കൂട്ടുകയാണ് സിറ്റി എന്നാണ് റിപ്പോര്‍ട്ടുകള്‍.

യൂറോപ്യന്‍ ക്ലബ്ബുകള്‍ വരവിനേക്കാള്‍ കൂടുതല്‍ പണം ചെലവഴിക്കുന്നത് തടയാന്‍ യുവേഫ നടപ്പാക്കിയ ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേക്കുള്ളില്‍ നിന്ന് മെസിയെ എങ്ങനെ ടീമിലെത്തിക്കാമെന്നാണ് സിറ്റി ആലോചിക്കുന്നത്. 700 മില്യണ്‍ ഡോളറാണ് മെസി കരാര് തീരുന്നതിന് മുമ്പ് ബാഴ്സ വിടുകയാണെങ്കില്‍ നല്‍കേണ്ട റിലീസ് ക്ലോസ്. ബാഴ്സയില്‍ മെസിയുടെ പഴയ പരിശീലകനായ പെപ് ഗ്വാര്‍ഡിയോളയാണ് സിറ്റിയുടെ ഇപ്പോഴത്തെ പരിശീലകന്‍ എന്നത് മെസി സിറ്റിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിപകരുന്നുണ്ട്.

എന്നാല്‍ മെസിയെ വില്‍ക്കില്ലെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് ബാഴ്സ ഇപ്പോഴും. പക്ഷെ ബാഴ്സ മാനേജ്മെന്റിലെ ഒരുവിഭാഗത്തിന് മെസിയെ കൈവിട്ട് ലഭിക്കുന്ന തുകകൊണ്ട് ടീം ഉടച്ചുവാര്‍ക്കണമെന്ന അഭിപ്രായവുമുണ്ട്. ഇക്കാര്യത്തില്‍ മെസിയെടുക്കുന്ന നിലപാടാവും നിര്‍ണായകമാവുക. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനോട് 8-2ന് തോറ്റതിന് പിന്നാലെയാണ് മെസി ബാഴ്സ വിടാനുള്ള തീരുമാനമെടുത്തത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് മെസി ഇതുവരെ തയാറായിട്ടില്ല. അതിനിടെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണിനോട് തോറ്റ പിഎസ്‌ജി മെസിയെ ടീമിലേക്ക് സ്വാഗതം ചെയ്തു.

മെസി ബാഴ്സ വിട്ടാല്‍ സ്വീകരിക്കാന്‍ തയാറാണെന്ന് പി എസ് ജി പരിശീലകന്‍ തോമസ് ടൂഹല്‍ വ്യക്തമാക്കി. മെസിയെ വേണ്ടെന്ന് ഏത് പരിശീലകനാണ് പറയാന്‍ കഴിയുക എന്നായിരുന്നു ടൂഹലിന്റെ ചോദ്യം. അതിനിടെ, മെസിയെ ടീമിലെത്തിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നുണ്ടെന്ന് ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാന്റെ മുന്‍ പ്രസിഡന്റ് മാസിമോ മൊറാട്ടി വ്യക്തമാക്കി.