മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. 2023വരെയാണ് ഗ്വാര്‍ഡിയോള സിറ്റിയുമായുള്ള കരാര്‍ ദീര്‍ഘിപ്പിച്ചത്. 2016ല്‍ പരിശീലകനായി എത്തിയ ഗ്വാര്‍ഡിയോള സിറ്റിയെ രണ്ട് തവണ പ്രീമിയര്‍ ലീഗിലും ഒരുതവണ എഫ് എ കപ്പിലും ചാമ്പ്യന്‍മാരാക്കി.

സിറ്റിയില്‍ ഇതുവരെ ചാമ്പ്യന്‍സ് ലീഗ് കിരീടം മാത്രം നേടാന്‍ ഗ്വാര്‍‍ഡിയോളക്കായിട്ടില്ല. 2008ല്‍ പരിശീലകനായശേഷം അഞ്ച് വര്‍ഷത്തിലധികം ഒരു ക്ലബ്ബില്‍ ഗ്വാര്‍ഡിയോള തുടരുന്നത് ആദ്യമായാണ്. 2008 മുതല്‍ 2012വരെ ബാഴ്സലോണ പരിശീലകനായിരുന്ന ഗ്വാര്‍ഡിയോള പിന്നീട് മൂന്ന് സീസണുകളില്‍ ബയേണ്‍ മ്യൂണിക്കിന്‍റെ പരിശീലകനായി.

മ്യൂണിക്കില്‍ നിന്നാണ് അദ്ദേഹം സിറ്റി പരിശീലകനായി എത്തിയത്. സീസണൊടുവില്‍ ബാഴ്സലോണയുമായുള്ള കരാര്‍ തീരുന്നതോടെ സൂപ്പര്‍ താരം ലിയോണല്‍ മെസ്സി സിറ്റിയിലേക്ക് കൂടുമാറുമെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് സിറ്റിയുമായുള്ള കരാര്‍ രണ്ടുവര്‍ഷത്തേക്ക് കൂടി ഗ്വാര്‍ഡിയോള നീട്ടിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്,