മാഞ്ചസ്റ്റര്‍: സമീപകാല ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മോശം കാലത്തിലൂടെയാണിപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പോക്ക്. കളിത്തളത്തിലെ തപ്പിത്തടയുന്ന പ്രകടനം ടീമിന്‍റെ സാമ്പത്തിക നിലയെയും  ബാധിച്ചിരിക്കുകയാണിപ്പോൾ. താരങ്ങൾ കളിക്കളത്തിൽ മങ്ങിയപ്പോൾ മാർക്കറ്റും യുണൈറ്റഡിനെ കൈവിടുകയാണ്.

ലോകഫുട്ബോളിലെ ഏറ്റവും മൂല്യമുള്ള പത്ത് ക്ലബുകളുടെ പട്ടികയിൽ യുണൈറ്റഡിന് ഇപ്പോൾ സ്ഥാനമില്ല. ഏറ്റവും പുതിയ പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ് റെഡ് ഡെവിൾസ്. മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാംസ്ഥാനത്ത്. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് രണ്ടാമതെത്തിയപ്പോൾ ലിയോണൽ മെസ്സിയുടെ ബാഴ്സലോണ തൊട്ടുപിന്നിലുണ്ട്.

യൂറോപ്യൻ ചാമ്പ്യൻമാരായ ലിവർപൂളാണ് നാലാം സ്ഥാനത്ത്. നെയ്മറും എംബാപ്പേയും പന്തുതട്ടുന്ന പി എസ് ജി അഞ്ചാമത്. ടോട്ടനം, ബയേൺ മ്യൂണിക്ക്, അത്‍ലറ്റിക്കോ മാ‍ഡ്രിഡ്, യുവന്‍റസ്, ചെൽസി എന്നിവരാണ് ആറുമതുൽ പത്ത് വരെ സ്ഥാനങ്ങളിൽ. ആഴ്സണൽ പന്ത്രണ്ടും എ സി മിലാൻ പതിനെട്ടും സ്ഥാനങ്ങളിലുണ്ട്.

പരിശീലകനായിരുന്ന സർ അലക്സ് ഫെർഗ്യൂസന്‍റെ തന്ത്രങ്ങളുടെ കരുത്തിൽ യുണൈറ്റഡ് നേടാത്ത ട്രോഫികളില്ല. എന്നാല്‍ ഫെര്‍ഗ്യുസന്‍ പടിയിറങ്ങിയതോടെ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഇംഗ്ലീഷ് ഫുട്ബോൾ ടീമിന്റെ  നല്ലകാലവും യുണൈറ്റഡിനെ കൈവിട്ടു.

ഡേവിഡ് മോയസും റയാൻ ഗിഗ്സും ലൂയി വാൻഗാലും ഹൊസെ മോറീഞ്ഞോയും ഏറ്റവുമൊടുവിൽ ഒലേ സോൾഷെയറും ഫെർഗ്യൂസന്‍റെ പിൻഗാമികളായി എത്തിയെങ്കിലും യുണൈറ്റഡിന് പഴയപ്രതാപത്തോടെ തലയുയർത്തി നിൽക്കാനാവുന്നില്ല. ഈ സീസണിൽ 10 മത്സരങ്ങൾ പൂർത്തിയായപ്പോൾ 13 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്ത് കിതയ്ക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.