മാഞ്ചസ്റ്റര്‍: ഫുട്‌ബോള്‍ ലോകത്ത് സര്‍വം മെസി മയമാണ്. ബാഴ്‌സലോണ വിടുമെന്ന് ക്ലബിനെ അറിയിച്ചതിനെ തുടര്‍ന്ന് താരം എങ്ങോട്ട് പോവുമെന്ന് ഒരുകൂട്ടം ആരാധകര്‍ ഉറ്റുനോക്കുന്നത്. പിഎസ്ജി, ഇന്റര്‍ മിലാന്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവരെല്ലാം പിന്നാലെയുണ്ട്. അല്ലെങ്കിലും മെസിയെ പോലെ ഒരുതാരത്തെ ആരാണ് ആഗ്രഹിക്കാത്തത്. സിറ്റി തന്നെയാണ് മെസിയെ സ്വന്തമാക്കാന്‍ മുന്‍നിരയില്‍. ക്ലബ് വിടുമെന്ന് ആദ്യമായി വാര്‍ത്ത വന്നപ്പോള്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 

ഇപ്പോഴിതാ മെസി സിറ്റിയിലേക്കെന്ന വാര്‍ത്തകള്‍ ശക്തമാവുകയാണ്. മെസിയുടെ അച്ഛന്‍ സിറ്റി അധികൃതരമായി ചര്‍ച്ച നടത്തിയെന്നാണ് പുതിയ വിവരം. എത്ര വിലകൊടുത്തും താരത്ത ക്ലബിലെത്തിക്കുകയെന്നാണ് സിറ്റിയുടെ ലക്ഷ്യം. 700 മില്യണാണ് മെസിയുടെ റിലീസ് ക്ലോസ് തുക. അത്രയും തുക മുടക്കാന്‍ യൂറോപ്പിലെ ഏതൊരു ക്ലബും തയ്യാറായേക്കില്ല. അതുകൊണ്ടുതന്നെ മറ്റൊരു ഓഫറാണ് സിറ്റി ബാഴ്‌സയ്ക്ക് മുന്നില്‍ വച്ചിരിക്കുന്നത്. 

100 മില്യണ്‍ യൂറോയും മൂന്ന് പ്രധാന താരങ്ങളേയുമാണ് സിറ്റി നല്‍കാനൊരുങ്ങുന്നത്. സ്‌ട്രൈക്കര്‍ ഗബ്രേിയേല്‍ ജീസസ്, അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ബെര്‍ണാഡോ സില്‍വ, പ്രതിരോധതാരം എറിക് ഗാര്‍സിയ എന്നിവരെയാണ് സിറ്റി മെസിക്ക് പകരം നല്‍കാനൊരുങ്ങുന്നത്. ഇതില്‍ ഗാര്‍സിയെ കൊണ്ടുവരാന്‍ ബാഴ്‌സലോണ നേരത്തെയും ശ്രമിച്ചിരുന്നു.