മുംബൈ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ സിറ്റി ഉള്‍പ്പെടെയുള്ള വമ്പന്‍ ക്ലബ്ബുകളുടെ ഉടമകളായ സിറ്റി ഫുട്ബോൾ ഗ്രൂപ്പ്(സിഎഫ്‌ജി) ഇന്ത്യൻ സൂപ്പർ ലീഗിന്റെ മുംബൈ സിറ്റി എഫ്‌സിയെ ഏറ്റെടുത്തു മുംബൈ സിറ്റി എഫ്‌സിയിൽ 65% ഓഹരിയാണ് സി‌എഫ്‌ജി വാങ്ങുകയെന്ന് ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ചെയര്‍പേഴ്സണ്‍ നിത അംബാനി വ്യക്തമാക്കി. ഇതോടെ സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ കീഴിലെ എട്ടാമത്തെ ക്ലബ്ബായി മുംബൈ സിറ്റി മാറും. അബുദാബിയിലെ ഷെയ്ഖായ മന്‍സൂര്‍ ബിന്‍ സയ്ദ് അല്‍ നാഹ്യാനിന്റെ കീഴിലാണ് സിറ്റി ഫുട്ബോള്‍ ഗ്രൂപ്പ്.

ബോളിവുഡ് നടനും നിർമ്മാതാവുമായ രൺബീർ കപൂറും ബിമൽ പരേഖും ക്ലബ്ബിൽ 35 % ഓഹരി ഉടമകളായി തുടരും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി എഫ്‌സിയുടെ ഉടമസ്ഥതയ്ക്ക് പേരുകേട്ട സി‌എഫ്‌ജി,  യു‌എസിലെ ന്യൂയോർക്ക് സിറ്റി, ഓസ്‌ട്രേലിയയിലെ മെൽ‌ബൺ സിറ്റി എഫ്‌സി, യോകോഹാമ എഫ്. ജപ്പാൻ, ഉറുഗ്വേയിലെ ക്ലബ് അത്‌ലറ്റിക്കോ ടോർക്ക്, സ്പെയിനിലെ ജിറോണ എഫ്സി, ചൈനയിലെ സിചുവാൻ ജിയൂണിയു എഫ്സി തുടങ്ങിയ ലോകമെമ്പാടുമുള്ള ഫുട്ബോൾ ക്ലബ്ബുകളുടെയും ഉടമകളാണ്. 2013ൽ പ്രവർത്തനം ആരംഭിച്ച സി എഫ് ജിയിൽ പ്രതിവർഷം 2,500ൽ അധികം മത്സരങ്ങള്‍ കളിക്കുന്ന 1,500ൽ അധികം കളിക്കാരുണ്ട്.

മുംബൈ സിറ്റി എഫ്‌സിയിൽ സജീവമായ  പങ്ക് വഹിക്കാനും ക്ലബ്ബിന്റെ മറ്റു ഉടമകളുമായി ചേർന്ന് ക്ലബ് കൂടുതൽ വേഗത്തിൽ വികസിപ്പിക്കാൻ  വേണ്ടിയ എല്ലാ നടപടികളും ഉടൻ  സ്വീകരിക്കുമെന്ന് സിറ്റി ഫുട്ബോൾ ഗ്രൂപ്പ് ചെയർമാൻ ഖൽദൂൺ അൽ മുംബാറക് അറിയിച്ചു.