ലണ്ടന്‍: എഫ്എ കപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷയുമായി മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് എവര്‍ട്ടനെ നേരിടും. രാത്രി 11 മണിക്കാണ് മത്സരം. തുടര്‍ച്ചയായ മൂന്നാം സെമി ലക്ഷ്യമിട്ടാണ് സിറ്റി ഇറങ്ങുന്നത്. വൈകീട്ട് 5.45ന് തുടങ്ങുന്ന മറ്റൊരു മത്സരത്തില്‍ സതാംപ്റ്റണ്‍ ബേണ്‍മൗത്തിനെ നേരിടും.  

അതേസമയം  പുലര്‍ച്ചെ നടന്ന പ്രീമിയര്‍ ലീഗില്‍ ലീഡ്‌സ് യുനൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫുള്‍ഹാമിനെ തോല്‍പ്പിച്ചു. 29-ാം മിനിറ്റില്‍ പാട്രിക് ബാംഫോര്‍ഡിന്റെ ഗോളില്‍ ലീഡ്‌സ് മുന്നിലെത്തി. എന്നാല്‍ 38-ാം മിനിറ്റില്‍ ജ്വോകിം ആന്‍ഡേഴ്‌സനിലൂടെ ഫുള്‍ഹാം തിരിച്ചടിച്ചു. എന്നാല്‍ 58-ാം മിനിറ്റില്‍ റഫീഞ്ഞ ലീഡ്മസിന് വിജയം സമ്മാനിച്ചു. 

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് ഇന്ന് സെല്‍റ്റ വിഗോയെ നേരിടും. രാത്രി എട്ടരയ്ക്ക് സെല്‍റ്റയുടെ മൈതാനത്താണ് മത്സരം. സെല്‍റ്റ വിഗോയെ തോല്‍പിച്ചാല്‍ ബാഴ്‌സലോണയെ മറികടന്ന് റയലിന് ലീഗില്‍ രണ്ടാം സ്ഥാനത്ത് എത്താം. റയലിന് 57ഉം ബാഴ്‌സയ്ക്ക് 59ഉം പോയിന്റാണുള്ളത്. 63 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. ബാഴ്‌സലോണ നാളെ റയല്‍ സോസിഡാഡിനെ നേരിടും.