ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി- ചെല്‍സി സൂപ്പര്‍ പോരാട്ടം. ലിവര്‍പൂള്‍, ആഴ്‌സണല്‍, ടോട്ടനം തുടങ്ങിയ ടീമുകള്‍ക്കും ഇന്ന് മത്സരമുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റി ഹോം ഗ്രൗണ്ടിലാണ് ചെല്‍സിയെ നേരിടുന്നത്. രാത്രി പതിനൊന്നിനാണ് മത്സരം. 12 കളിയില്‍ എട്ട് ജയവും മൂന്ന് തോല്‍വിയും രണ്ട് സമനിലയുമടക്കം 25 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. 

അവസാന അഞ്ച് കളിയിലും ജയിച്ച ചെല്‍സി 12 കളിയില്‍ 26 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഫ്രാങ്ക് ലാംപാര്‍ഡിന്റെ ചെല്‍സിയെ പിടിച്ചുകെട്ടാന്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോളയ്ക്ക് പുതിയ തന്ത്രങ്ങള്‍ പുറത്തെടുക്കേണ്ടിവരും.

പുതിയ കോച്ച് ഹൊസെ മോറീഞ്ഞോയ്ക്ക് കീഴില്‍ ആദ്യ മത്സരത്തിനിറങ്ങുന്ന ടോട്ടനത്തിന് വെസ്റ്റ് ഹാമാണ് എതിരാളികള്‍. വൈകിട്ട് ആറിന് എവേ മത്സരത്തിന് ഇറങ്ങുന്ന ടോട്ടനം സീസണില്‍ മൂന്ന് ജയമേ ഇതുവരെ നേടിയിട്ടുള്ളൂ. ടീം പതിനാലാം സ്ഥാനത്തേക്ക് വീണതോടെയാണ് പൊച്ചെറ്റീനോയെ ടോട്ടനം പുറത്താക്കിയത്. 

ആഴ്‌സസണല്‍ രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന കളിയില്‍ സതാംപ്ടണേയും ലിവര്‍പൂള്‍ ഏവേ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെയും നേരിടും. സീസണില്‍ തോല്‍വി അറിയാതെ മുന്നേറുന്ന യുര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂള്‍ 34 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 17 പോയിന്റുള്ള ആഴ്‌സണല്‍ ആറാം സ്ഥാനത്തും.