ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റി ടോട്ടനം സൂപ്പര്‍ പോരാട്ടം. രാത്രി പതിനൊന്നിന് സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 22 കളിയില്‍ 50 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് പെപ് ഗാര്‍ഡിയോളയുടെ സിറ്റി. 36 പോയിന്റുള്ള ടോട്ടനം എട്ടാം സ്ഥാനത്താണ്. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ മടങ്ങിയെത്തിയ ആശ്വാസത്തിലാണ് ടോട്ടനം. പരിക്കേറ്റ കെവിന്‍ ഡിബ്രൂയിനും സെര്‍ജിയോ അഗ്യൂറോയും ഇല്ലാതെയാവും സിറ്റി ഇറങ്ങുക. 

വൈകിട്ട് ആറിന് തുടങ്ങുന്ന കളിയില്‍ നിലവിലെ ചാന്പ്യന്‍മാരായ ലിവര്‍പൂള്‍ , ലെസ്റ്റര്‍ സിറ്റിയെ നേരിടും.23 കളിയില്‍ 43 പോയിന്റുള്ള ലെസ്റ്റര്‍ മൂന്നും 40 പോയിന്റുള്ള ലിവര്‍പൂള്‍ നാലും സ്ഥാനത്താണ്. മറ്റ് മത്സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് രാത്രി എട്ടരയ്ക്ക് ബേണ്‍ലിയെയും ബ്രൈറ്റണ്‍ രാത്രി ഒന്നരയ്ക്ക് ആസ്റ്റണ്‍ വില്ലയെയും നേരിടും. നാളെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സണല്‍ ടീമുകള്‍ക്ക് മത്സരമുണ്ട്. 

സീരി എയില്‍ നാപോളി- യുവന്റസ് പോരാട്ടം

ടൂറിന്‍: ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ യുവന്റസ് ഇന്ന് നാപ്പോളിയെ നേരിടും. രാത്രി പത്തരയ്ക്ക് നാപ്പോളിയുടെ മൈതാനത്താണ് മത്സരം. 20 കളിയില്‍ 42 പോയിന്റുള്ള യുവന്റസ് ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. 37 പോയിന്റുള്ള നാപോളി ആറാം സ്ഥാനത്തും. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോിയലാണ് നിലവിലെ ചാംപ്യന്‍മാരായ യുവന്റസിന്റെ പ്രതീക്ഷ. 

പരിക്കേറ്റ പൗളോ ഡിബാലയും ആരോണ്‍ റാംസിയും ഇന്നിറങ്ങാന്‍ സാധ്യതയില്ല. ഇറ്റാലിയന്‍ സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ യുവന്റസ് നാപ്പോളിയെ തോല്‍പിച്ചിരുന്നു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള എസി മിലാന്‍ രാത്രി ഒന്നരയ്ക്ക് സ്‌പെസിയയെ നേരിടും. 21 കളിയില്‍ 49 പോയിന്റുമായാണ് സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ മിലാന്‍ മുന്നിട്ട് നില്‍ക്കുന്നത്.