മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം സൂപ്പർ പോരാട്ടം നടക്കും. രാത്രി പത്തിന് ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 24 കളിയിൽ 51 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് നിലവിലെ ചാന്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി. 34 പോയിന്റുള്ള ടോട്ടനം ആറാം സ്ഥാനത്താണ്.

പ്രീമിയർ ലീഗിൽ സിറ്റിക്കെതിരെ അവസാനം ഏറ്റുമുട്ടിയ ആറ് കളിയിലും ടോട്ടനത്തിന് ജയിക്കാനായിട്ടില്ല. സിറ്റി നാല് കളിയിൽ ജയിച്ചപ്പോൾ, രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു. പരിക്കേറ്റ ഹാരി കെയ്ൻ, മൂസ സിസോകോ, ബെൻ ഡേവീസ് എന്നിവരുടെ അഭാവം ടോട്ടനത്തിന് തിരിച്ചടിയാവും.

ലിറോയ് സാനേ, ബെഞ്ചമിൻ മെൻഡി എന്നിവർ സിറ്റി നിരയിലും ഉണ്ടാവില്ല. മറ്റൊരു മത്സരത്തിൽ ആഴ്സണൽ വൈകിട്ട് ആറിന് ബേൺലിയെ നേരിടും. 30 പോയിന്റുള്ള ആഴ്സണൽ പന്ത്രണ്ടാം സ്ഥാനത്താണ്. ബേൺലി പതിനാലാം സ്ഥാനത്തും. അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന്റെ ജൈത്രയാത്ര തുടരുകയാണ്.  കിരീടത്തിലേക്ക് അടുക്കുന്ന ലിവർപൂൾ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സതാംപ്ടണെ തകർ‍ത്തു.

മുഹമ്മദ് സലായുടെ ഇരട്ടഗോൾ മികവിലാണ് ലിവർപൂളിന്റെ ജയം. 25 കളിയിൽ 73 പോയിന്റുമായി ലീഗിൽ ഒന്നാംസ്ഥാനത്ത് തുടരുന്ന ലിവർപൂൾ ബഹുദൂരം മുന്നിലാണിപ്പോൾ. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് അൻപത്തിയൊന്ന് പോയിന്റേയുള്ളൂ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി, ലെസ്റ്റർ സിറ്റി സൂപ്പര്‍ പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരുടീമും രണ്ടുഗോൾ വീതം നേടി. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും, വോൾവ്സും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.