Asianet News MalayalamAsianet News Malayalam

ലീഗ് നിലനിര്‍ത്താനുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; തിരിച്ചുവരവ് കൊതിച്ച് ചെല്‍സി

ടോഡ് ബോഹ്‌ലി 2022ല്‍ ചെല്‍സിയുടെ ഉടമസ്ഥന്‍ ആയതിന് ശേഷം ടീമന്റെ ആറാമത്തെ കോച്ചാണ് മരെസ്‌ക.

manchester city vs chelsea match preview and more
Author
First Published Aug 18, 2024, 12:40 PM IST | Last Updated Aug 18, 2024, 12:40 PM IST

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ കിരീടം നിലനിര്‍ത്താനുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. സിറ്റി സീസണിലെ ആദ്യ മത്സരത്തില്‍ ചെല്‍സിയുമായി ഏറ്റുമുട്ടും. രാത്രി ഒന്‍പതിനാണ് കളി തുടങ്ങുക. തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ട് മാഞ്ചസ്റ്റര്‍ സിറ്റി. തുടര്‍തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ ചെല്‍സി. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയിച്ച് തുടങ്ങാന്‍ ചെല്‍സിയുടെ പുതിയകോച്ച് എന്‍സോ മരെസ്‌ക. ലെസ്റ്റര്‍ സിറ്റിയില്‍ നിന്ന് മരെസ്‌ക ചെല്‍സിയില്‍ എത്തിയത് പുതിയ സീസണ് മുന്നോടിയായി.

ടോഡ് ബോഹ്‌ലി 2022ല്‍ ചെല്‍സിയുടെ ഉടമസ്ഥന്‍ ആയതിന് ശേഷം ടീമന്റെ ആറാമത്തെ കോച്ചാണ് മരെസ്‌ക. കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരായ സിറ്റിയെക്കാള്‍ ഇരുപത്തിയെട്ട് പോയിന്റ് പിന്നില്‍ ആയിരുന്നു ചെല്‍സി. കോണോര്‍ ഗാലഗര്‍ സിറ്റിക്കെതിരെ കളിക്കില്ലെന്ന് മരെസ്‌ക വ്യക്തമാക്കി കഴിഞ്ഞു. യൂറോകപ്പ് ഫൈനലിനിടെ പരിക്കേറ്റ സ്പാനിഷ് താരം റോഡ്രി ഇല്ലാതെയാവും സിറ്റി ഇറങ്ങുക. പ്രീസീസണ്‍ മത്സരങ്ങളില്‍ നിന്നും കമ്യുണിറ്റി ഷീല്‍ഡില്‍ നിന്നും വിട്ടുനിന്ന ഫില്‍ ഫോഡന്‍, ജോണ്‍ സ്റ്റോണ്‍സ്, കെയ്ല്‍ വാക്കര്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. 

നിങ്ങള്‍ ഉറങ്ങുകയാണോ? അല്‍ നസര്‍ ഗോള്‍ വഴങ്ങിയപ്പോള്‍ സ്വന്തം ടീമംഗങ്ങളെ പരിഹസിച്ച് ക്രിസ്റ്റിയാനൊ
 
എര്‍ലിംഗ് ഹാലന്‍ഡ് ഗോള്‍വര്‍ഷം തുടരാനിറങ്ങുമ്പോള്‍ ജാക് ഗ്രീലിഷിന്റെ പരിക്ക് സിറ്റിക്ക് ആശങ്ക. സിറ്റിയും ചെല്‍സിയും നേര്‍ക്കുനേര്‍ വരുന്ന നൂറ്റി എഴുപത്തിയേഴാമത്തെ മത്സരമാണിത്. സിറ്റി അറുപത്തിയഞ്ചിലും ചെല്‍സി അറുപത്തിയൊന്‍പതിലും ജയിച്ചു. ഒടുവില്‍ ഇരുടീമും ഏറ്റുമുട്ടിയത് മേയില്‍ എഫ് എ കപ്പ് സെമിയില്‍. ജയം ഒറ്റഗോളിന് സിറ്റിക്കൊപ്പം.

അതേസമയം ലിവര്‍പൂളിന് വിജയത്തുടക്കം ലഭിച്ചു. ലിവര്‍പൂള്‍ സീസണിലെ ആദ്യമത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഇപ്‌സിച്ച് ടൗണിനെ തോല്‍പിച്ചു. സ്ഥാനമൊഴിഞ്ഞ യുര്‍ഗന്‍ ക്ലോപ്പിന്റെ പകരക്കാരനായെത്തിയ സ്ലോട്ടിന് ആദ്യ ഗോളിന്റെ മധുരം നുകരാന്‍ അറുപതാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. ഡിഗോ ഡോട്ടയായിരുന്നു സ്‌കോറര്‍. അഞ്ചുമിനിറ്റിനകം ജയം ആധികാരികമാക്കി മുഹമ്മദ് സലാ.

Latest Videos
Follow Us:
Download App:
  • android
  • ios