ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. നിര്‍ണായക മത്സരത്തില്‍ ബ്രട്ടണെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റി കിരീടം ഉറപ്പിച്ചത്. അവസാന മത്സരത്തില്‍ വോള്‍വ്സിനെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത ലിവര്‍പൂള്‍ ഒരു പോയന്റ് വ്യത്യാസത്തില്‍ സിറ്റിക്ക് പിന്നില്‍ രണ്ടാമതായി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സിറ്റി പ്രീമിയര്‍ ലീഗ് കിരീടം ചൂടുന്നത്.

സിറ്റിക്കെതിക്കെതിരെ ഗ്ലെന്‍ മുറേയുടെ ഗോളിലൂടെ ബ്രട്ടനാണ് ആദ്യം മുന്നിലെത്തിയത്. അട്ടിമറിസൂചനകള്‍ക്ക് ഇടനല്‍കാതെ അടുത്ത നിമിഷം സെര്‍ജിയോ അഗ്യൂറോയിലൂടെ സിറ്റി സമനില പിടിച്ചു. പത്ത് മിനിട്ടിനുശേഷം ലാപോര്‍ട്ടെയുടെ ഗോളിലൂടെ സിറ്റി ലീഡെടുത്തു. രണ്ടാം പകുതിയില്‍ റിയാദ് മഹ്റെസും ലികേ ഗുണ്ടോഗനും സിറ്റിയുടെ ഗോള്‍ പട്ടിക തികച്ചു.

സാദിയോ മാനെയുടെ ഇരട്ടഗോളാണ് വോള്‍വ്സിനെതിരെ ലിവര്‍പൂളിന്റെ വിജയം ഉറപ്പിച്ചത്. 17, 81 മിനിറ്റുകളിലായിരുന്നു മാനേയുടെ ഗോളുകള്‍. സിറ്റി തോല്‍ക്കുകയോ സമനിലയില്‍ കുരുങ്ങുകയോ ചെയ്താല്‍ മാത്രമെ ലിവര്‍പൂളിന് കിരീട സാധ്യതയുണ്ടായിരുന്നുള്ളു. സിറ്റി വമ്പന്‍ ജയം നേടിയതോടെ ലിവര്‍പൂളിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 38 മത്സരങ്ങളില്‍ 98 പോയന്റുമായാണ് സിറ്റി കിരീടത്തിലെത്തിയത്. ലിവര്‍പൂള്‍ ഇത്രയും മത്സരങ്ങളില്‍ നിന്ന് 97 പോയന്റും നേടി.

മറ്റൊരു മത്സരത്തില്‍ കാര്‍ഡിഫ് സിറ്റിയോട് മാഞ്ചസ്റ്റര്‍ യുനൈറ്റ് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റു.