Asianet News MalayalamAsianet News Malayalam

Manchester United: എറിക് ടെന്‍ഹാഗ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍

അയാക്സിന്‍റെ കളിരീതികളിൽ വലിയമാറ്റമുണ്ടാക്കിയ ടെൻഹാഗ്, 2018-19 സീസണിൽ ടീമിനെ യുവേഫ ചാംപ്യൻസ് ലീഗ് സെമിയിലെത്തിച്ചതും സമീപകാലത്ത് പ്രധാന നേട്ടമാണ്.

Manchester United appoint Erik ten Hag as new manager
Author
Manchester, First Published Apr 21, 2022, 5:38 PM IST

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്(Premier League) ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ(Manchester United) പുതിയ പരിശീലകനായി എറിക് ടെന്‍ഹാഗിനെ(Erik ten Hag) നിയമിച്ചു. നിലവിൽ അയാക്സിന്‍റെ പരിശീലകനായ ടെൻഹാഗ് സീസണിനൊടുവിൽ ചുമതലയേൽക്കും. ഡച്ച് പരിശീലകനുമായി മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍.

ഇടക്കാല പരിശീലകനായ റാൽഫ് റാഗ്നിക്ക് സീസണിനൊടുവിൽ സ്ഥാനമൊഴിയും. 2018 മുതൽ അയാക്സിന്‍റെ പരിശീലകനാണ് 52കാരനായ എറിക് ടെൻഹാഗ്. യുണൈറ്റഡ് പരിശീലകനാകുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നായിരുന്നു എറിക് ടെന്‍ഹാഗിന്‍റെ പ്രതികരണം.

മുൻപ് പ്രതിരോധ താരമായിരുന്ന ടെൻഹാഗ് അയാക്സ് അടക്കം നാല് ക്ലബ്ബുകളെയാണ് പരിശീലിപ്പിച്ചത്. നെതർലൻഡ്സിലെ ഗോ എഹഡ് ഈഗിൾസ്, ബയേൺ മ്യൂണിക് യൂത്ത് ടീം, യുട്രക്റ്റ്, അയാക്സ് ക്ലബ്ബുകളെയാണ് ടെൻഹാഗ് പരിശീലിപ്പിച്ചത്. 2012ൽ ഗോ എഹഡ് ഈഗിൾസിനെ 17 വർഷത്തിന് ശേഷം ഒന്നാംഡിവിഷനിലെത്തിച്ചിട്ടുണ്ട് എറിക് ടെൻഹാഗ്.

അയാക്സിന്‍റെ കളിരീതികളിൽ വലിയമാറ്റമുണ്ടാക്കിയ ടെൻഹാഗ്, 2018-19 സീസണിൽ ടീമിനെ യുവേഫ ചാംപ്യൻസ് ലീഗ് സെമിയിലെത്തിച്ചതും സമീപകാലത്ത് പ്രധാന നേട്ടമാണ്. അയാക്സിലെ നേട്ടമാണ് യുണൈറ്റഡിലേക്കുള്ള വരവിനും കാരണമായത്. പരിശീലക കരിയറിൽ 432 മത്സരങ്ങളിൽ 1006 ഗോളുകൾ ടെൻഹാഗിന്‍റെ ടീമുകള്‍ നേടിയിട്ടുണ്ട്. അയാക്സിൽ 210 മത്സരങ്ങളിൽ 155 ജയമാണ് ടെൻഹാഗിനുള്ളത്. 73.81 % വിജയം അയാക്സിൽ നേടാൻ ടെൻഹാഗിനായി.

അതേസമയം, പരിശീലകനെ മാറ്റിയതുകൊണ്ട് മാത്രം യുണൈറ്റഡ് രക്ഷപ്പെടുമോ എന്ന് പറയാനാകില്ല. നിലവാരമുള്ള ടീമിനെ രൂപപ്പെടുത്തണം. ലിവർപൂളുമായുള്ള കളി യുണൈറ്റഡിന്‍റെ ദയനീയാവസ്ഥ തുറന്നുകാട്ടുന്നതായിരുന്നു. ക്ലോപ്പ് വന്നതിന് ശേഷം ലിവർപൂളിന് ഉണ്ടായ മാറ്റം, മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി ആഗ്രഹിക്കുന്നുണ്ടാകും. പ്രതാപകാലത്തേക്ക് തിരികെ എത്താൻ കഴിയട്ടെ. അതിനായി കാത്തിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ

Follow Us:
Download App:
  • android
  • ios