ബ്രൂണോ ഫെര്‍ണാണ്ടസിനോട് പെനാല്‍റ്റി എടുക്കാന്‍ നിര്‍ദ്ദേശിച്ചതും റൊണാള്‍ഡോ ആണെന്നും റാങ്‌നിക്ക് പറഞ്ഞു. ഫെര്‍ണാണ്ടസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുകയായിരുന്നു.

മാഞ്ചസ്റ്റര്‍: ആഴ്‌സനലിനെതിരെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) പെനാല്‍റ്റി എടുക്കാതിരുന്നതില്‍ വിശദീകരണവുമായി റാല്‍ഫ് റാങ്‌നിക്ക്. കിക്കിന് ശ്രമിക്കേണ്ടെന്ന് തീരുമാനിച്ചത് റൊണാള്‍ഡോ തന്നെയാണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ (Manchester United) ഇടക്കാല പരിശീലകന്‍ പറഞ്ഞു. താന്‍ പെനാല്‍റ്റി എടുക്കുന്നത് ശരിയല്ലെന്ന് തോന്നിയെന്നാണ് മത്സരശേഷം റൊണാള്‍ഡോ പറഞ്ഞത്.

ബ്രൂണോ ഫെര്‍ണാണ്ടസിനോട് പെനാല്‍റ്റി എടുക്കാന്‍ നിര്‍ദ്ദേശിച്ചതും റൊണാള്‍ഡോ ആണെന്നും റാങ്‌നിക്ക് പറഞ്ഞു. ഫെര്‍ണാണ്ടസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുകയായിരുന്നു. റൊണാള്‍ഡോയ്ക്ക് പകരം ഫെര്‍ണാണ്ടസ് പെനാല്‍റ്റി എടുത്തതില്‍ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായതിനുപിന്നാലെയാണ് വിശദീകരണം. 

സീസണില്‍ രണ്ടാം തവണയാണ് ബ്രൂണോ ഫെര്‍ണാണ്ടസിന് പെനാല്‍റ്റിയില്‍ പിഴയ്ക്കുന്നത്. സീസണില്‍ രണ്ട് തവണ റൊണാള്‍ഡോ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ എഫ്എ കപ്പില്‍ പിഴച്ചിരുന്നു.

നാഴികക്കല്ല് പിന്നിട്ട് ക്രിസ്റ്റ്യാനോ 

അതേസമയം, ക്രിസ്റ്റ്യാനോ ഗോള്‍വേട്ടയില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 100 ഗോള്‍ എന്ന നേട്ടത്തില്‍ സൂപ്പര്‍ താരമെത്തി. ആഴ്‌സനലിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആശ്വാസഗോള്‍ സ്വന്തമാക്കിയപ്പോഴാണ് സൂപ്പര്‍ താരം നേട്ടത്തിലെത്തിയത്. ലീഗില്‍ 100 ഗോള്‍ നേടുന്ന 33ആമത്തെ താരവും നാലാമത്തെ യുണൈറ്റഡ് താരവുമാണ് റൊണാള്‍ഡോ. 

ചാംപ്യന്‍സ് ലീഗിലും സ്പാനിഷ് ലീഗിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും 100 ഗോള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഗോള്‍നേട്ടം റൊണാള്‍ഡോ ആഘോഷിച്ചില്ല. ഇരട്ടക്കുഞ്ഞുങ്ങളിലെ ആണ്‍കുട്ടി മരിച്ചതിനുശേഷം റൊണാള്‍ഡോയുടെ ആദ്യ മത്സരമായിരുന്നു ഇത്. കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തിയ റൊണാള്‍ഡോഗോള്‍ മകന് സമര്‍പ്പിച്ചു.