കൊല്‍ക്കത്ത: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അതികായരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ത്യയിലേക്ക്. ജൂലൈയിൽ ഈസ്റ്റ് ബംഗാളിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കൊൽക്കത്തയിൽ കളിക്കുക. ഈസ്റ്റ് ബംഗാളിന്‍റെ നൂറാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ത്യയിൽ കളിക്കാനെത്തുന്നത്. ജൂലൈ 26ന് കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയാത്തിലാവും മത്സരം നടക്കുക. 

പ്രീ സീസൺ സന്നാഹമത്സരങ്ങളുടെ ഭാഗമായാണ് യുണൈറ്റഡ് ഇന്ത്യയിലെത്തുക. ഇതോടെ പോൾ പോഗ്ബയടക്കമുള്ള സൂപ്പ‍ർതാരങ്ങളുടെ മത്സരം നേരിൽ കാണാനുള്ള സുവർണാവസരമാണ് ഇന്ത്യയിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക്. ഈസ്റ്റ് ബംഗാളിന്‍റെ നൂറാംവർഷികാഘോഷ ചടങ്ങിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിനിധികൾ പങ്കെടുത്തിരുന്നു. മത്സരവേദിയായ സാൾട്ട് ലേക്ക് സ്റ്റേഡിയവും സംഘം പരിശോധിച്ചു. 

സ്റ്റേഡിയത്തിന്‍റെ നിലവാരത്തിൽ ടെക്നിക്കൽ കമ്മിറ്റി തൃപ്തി അറിയച്ചോടെയാണ് കൊൽക്കത്തയിൽ കളിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചത്. കൊൽക്കത്തയിൽ കളിക്കുന്നതിന് വന്പൻ പ്രതിഫലമാണ് യുണൈറ്റഡ് ഈസ്റ്റ് ബംഗാളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തുകയെത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആദ്യ ഗഡു ഏപ്രിലിലാണ് നൽകേണ്ടത്. ബാക്കി തുക ജൂൺ അവസാനവും നൽകണം. ടിക്കറ്റ് കളക്ഷനിലൂടെ യുണൈറ്റഡിന് നൽകാനാവശ്യമായ തുക നൽകാനാവുമെന്ന പ്രതീക്ഷയിലാണ് ഈസ്റ്റ് ബംഗാൾ. 

എൺപത്തയ്യായിരം പേർക്കിരിക്കാവുന്ന സ്റ്റേഡിയമാണ് കൊൽകത്ത സാൾട്ട് ലേക്ക്. 1997ൽ ഇവിടെ നടന്ന ഈസ്റ്റ് ബംഗാൾ മോഹൻ ബഗാൻ സെമിഫൈനൽ കാണാൻ ഒരുലക്ഷത്തി മുപ്പതിനായിരത്തിലേറെപ്പേർ എത്തിയിരുന്നു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ സർവകാല റെക്കോർഡും ഇതാണ്. 2011ൽ ലിയോണൽ മെസ്സിയുടെ അ‍ർജന്‍റീനയും വെനസ്വേസലയും സാൾട്ട്‍‍ലേക്കിൽ ഏറ്റുമുട്ടിയിരുന്നു. തൊട്ടടുത്ത വ‍ർഷം ബയേൺ മ്യൂണിക്ക് ഇതിഹാസം ഒലിവർ ഖാന്റെ വിടവാങ്ങൽ മത്സരവും ഇതേ വേദിയിവലായിരുന്നു.