Asianet News MalayalamAsianet News Malayalam

അവിശ്വസനീയം ഈ തിരിച്ചുവരവ്; എറിക്സണ്‍ ഇനി മാഞ്ചസ്റ്റര്‍ കുപ്പായത്തില്‍

ബ്രെന്‍റ്ഫോർഡ് കുപ്പായത്തില്‍ പ്രീമിയര്‍ ലീഗില്‍ 11 മത്സരങ്ങള്‍ കളിച്ച 30കാരനായ എറിക്സണ്‍ ഒരു ഗോള്‍ നേടി നാല് അസിസ്റ്റുകളും നല്‍കിയിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്പെഷ്യല്‍ ക്ലബ്ബാണെന്നും ചുവപ്പ് കുപ്പായത്തില്‍ കളിക്കാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നും എറിക്സണ്‍ പറഞ്ഞു.

Manchester United signs Christian Eriksen for a 3 year deal
Author
Manchester, First Published Jul 15, 2022, 11:42 PM IST

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം യൂറോ കപ്പിനിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കളിക്കളത്തിൽ കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് സൂപ്പര്‍താരം ക്രിസ്റ്റ്യൻ എറിക്സൺ(Christian Eriksen) മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍. എറിക്സണുമായി മൂന്ന് വര്‍ഷത്തെ കരാറാണ് യുണൈറ്റഡ് ഒപ്പുവെച്ചത്. സീസണൊടുവില്‍ ഫ്രീ ഏജന്‍റായാണ് എറിക്സണ്‍ യുണൈറ്റഡിലെത്തുന്നത്.

കഴിഞ്ഞ യൂറോ കപ്പില്‍ ഫിൻലഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതത്തെതുടർന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ ക്രിസ്റ്റ്യൻ എറിക്സൺ കഴിഞ്ഞ സീസണില്‍ ബ്രെന്‍റ്ഫോർഡ് എഫ്‌സിലൂടെയാണ്(Brentford FC) ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ തിരിച്ചെത്തിയത്. ആറുമാസത്തേക്കായിരുന്നു ബ്രെന്‍റ്ഫോർഡുമായി എറിക്സന്‍റെ കരാർ. ഇത് പൂര്‍ത്തിയായതോടെ ഫ്രീ ഏജന്‍റായ എറിക്സണ്‍ മാറിയിരുന്നു.

ബ്രെന്‍റ്ഫോർഡ് കുപ്പായത്തില്‍ പ്രീമിയര്‍ ലീഗില്‍ 11 മത്സരങ്ങള്‍ കളിച്ച 30കാരനായ എറിക്സണ്‍ ഒരു ഗോള്‍ നേടി നാല് അസിസ്റ്റുകളും നല്‍കിയിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്പെഷ്യല്‍ ക്ലബ്ബാണെന്നും ചുവപ്പ് കുപ്പായത്തില്‍ കളിക്കാന്‍ ഇനിയും കാത്തിരിക്കാനാവില്ലെന്നും എറിക്സണ്‍ പറഞ്ഞു.

ഹൃദയാഘാതം ഉണ്ടാവുമ്പോള്‍ ഇറ്റാലിയൻ ക്ലബ് ഇന്‍റർ മിലാൻ താരമായിരുന്നു എറിക്സണ്‍. എന്നാല്‍ രോഗമുക്തനായെങ്കിലും എറിക്സനുമായുള്ള കരാർ ഇന്‍റര്‍ റദ്ദാക്കുകയായിരുന്നു. ഹൃദയാഘാതമുണ്ടായ താരങ്ങള്‍ക്ക് പേസ്മേക്കര്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ കളിപ്പിക്കില്ലെന്ന ഇറ്റാലിയൻ ലീഗിലെ കർശന നിയമത്തെ തുടർന്നായിരുന്നു ഇത്. ഇന്‍ററിലെത്തുന്നതിന് മുമ്പ് പ്രീമിയർ ലീഗില്‍ ടോട്ടനത്തിന്‍റെ താരമായിരുന്നു 30 കാരനായ ക്രിസ്റ്റ്യൻ എറിക്സൺ.

Manchester United signs Christian Eriksen for a 3 year deal

പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് കീഴില്‍ അയാക്സ് ആംസ്റ്റര്‍ഡാമിലും എറിക്സണ്‍ കളിച്ചിട്ടുണ്ട്. ടെന്‍ ഹാഗിന് കീഴില്‍ യുണൈറ്റഡ് കരാറിലെത്തുന്ന രണ്ടാമത്തെ കളിക്കാരനാണ് എറിക്സണ്‍. ഫിയര്‍നൂദില്‍ നിന്ന്  നെതര്‍ലന്‍ഡ്സ് ലെഫ്റ്റ് ബാക്ക് ടൈറല്‍ മലാഷിയ ആണ് സീസണില്‍ യുണൈറ്റഡുമായി കരാറിലെത്തിയ ആദ്യ കളിക്കാരന്‍.

കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തായി പോയ യുണൈറ്റഡിന് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടാനായിരുന്നില്ല. തുടര്‍ന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ക്ലബ്ബ് വിടാനുള്ള ആഗ്രഹം അറിയിച്ചെങ്കിലും യുണൈറ്റഡ് റൊണാള്‍ഡോയെ കൈവിടില്ലെന്നാണ് റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios