മാഞ്ചസ്റ്റര്‍: ആഴ്‌സനല്‍ നായകന്‍ പിയറി എമറിക് ഔബമയാങ്ങിനെ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നീക്കം തുടങ്ങി. 50 ദശലക്ഷം പൗണ്ടിന്റെ ഓഫര്‍ യുണൈറ്റഡ് മുന്നോട്ടുവയ്ക്കുമെന്ന് ഇംഗ്ലണ്ടിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്റര്‍ മിലാനിലേക്ക് ചേക്കേറിയ റൊമേലു ലുക്കാക്കുവിന് പകരക്കാരനാകാന്‍ ഔബമയാങിന് കഴിയുമെന്നാണ് ക്ലബ്ബിന്റെ വിലയിരുത്തല്‍.

ആഴ്‌സനല്‍ വിടില്ലെന്ന് ഔബമയാങ് അടുത്തിടെയും പറഞ്ഞിരുന്നു. കഴിഞ്ഞ 7 സീസണായി യൂറോപ്പിലെ പ്രധാന ഗോള്‍വേട്ടക്കാരില്‍ ഒരാളാണ് ഔബമയാങ്. ബൊറൂസിയക്കായി 141ഉം ആഴ്‌സനലിനായി 61ഉം ഗോള്‍ നേടിയിട്ടുണ്ട്. ചെല്‍സി, ബാഴ്‌സലോണ ക്ലബ്ബുകളും ഔബമയാങിനായി രംഗത്തെത്തുമെന്ന് സൂചനകളുണ്ട്.

അതെസമയം യൂറോപ്പില്‍ നിന്ന് മറ്റൊരു വാര്‍ത്തകൂടി വന്നു. സെറ്റിയന്‍ ബാഴ്‌സലോണ പരിശീലകനായി തുടരുമെന്നാണ് ആ വാര്‍ത്ത. 2020, 21 സീസണ്‍ പൂര്‍ത്തിയാക്കാന്‍ സെറ്റിയനെ അനുവദിക്കുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടിക്കടി കോച്ചിനെ മാറ്റുന്നത് ഉചിതമല്ലെന്ന വിലയിരുത്തലിലാണ് ക്ലബ്ബ് എന്നാണ് സൂചന. വെല്‍വെര്‍ദെക്ക് പകരമായാണ് സെറ്റിയന്‍ ബാഴ്‌സ പരിശീലകനായത്.