കിരീടം നിലനിര്‍ത്താന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ആദ്യനാലില്‍ സ്ഥാനം നിലനിര്‍ത്തി ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കാന്‍ യുണൈറ്റഡിനം മത്സരം നിര്‍ണായകം. 27 കളിയില്‍ 21ലും ജയിച്ച് 66 പോയിന്റുമായാണ് പെപ് ഗാര്‍ഡിയോളയുടെ സിറ്റി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമീയര്‍ ലീഗില്‍ (EPL) ഇന്ന് മാഞ്ചസ്റ്റര്‍ ഡാര്‍ബി (Manchester Darby). രാത്രി പത്തിനാണ് സിറ്റി, യുണൈറ്റഡ് പോരാട്ടം. കിരീടം നിലനിര്‍ത്താന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ആദ്യനാലില്‍ സ്ഥാനം നിലനിര്‍ത്തി ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പാക്കാന്‍ യുണൈറ്റഡിനം മത്സരം നിര്‍ണായകം. 27 കളിയില്‍ 21ലും ജയിച്ച് 66 പോയിന്റുമായാണ് പെപ് ഗാര്‍ഡിയോളയുടെ സിറ്റി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 64 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് പതിനേഴെണ്ണം മാത്രം.
27 കളിയില്‍ 13 ജയം സ്വന്തമാക്കിയ യുണൈറ്റഡിനുള്ളത് 47 പോയിന്റും നാലാം സ്ഥാനവും. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ആദ്യപാദത്തില്‍ സിറ്റി എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു. ഈ തോല്‍വിക്ക് സിറ്റിയുടെ ഹോം ഗ്രൌണ്ടായ ഇത്തിഹാദില്‍ പകരംവീട്ടുക യുണൈറ്റഡിന് അത്ര എളുപ്പമായിരിക്കില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവസാന പത്ത് കളിയില്‍ നേടിയത് ഒറ്റഗോള്‍ മാത്രം. എഡിന്‍സണ്‍ കവാനി പരിക്ക് മാറിയെത്തിയത് യുണൈറ്റഡിന് ആശ്വാസമാണ്.
ഒറ്റതാരത്തെ കേന്ദ്രീകരിക്കാതെയാണ് ഗാര്‍ഡിയോള സിറ്റിയെ മുന്നോട്ടുകൊണ്ടുപോകുന്നത്. റഹീം സ്റ്റെര്‍ലിംഗ്, ഫില്‍ ഫോഡന്‍, റിയാദ് മെഹറസ്, കെവിന്‍ ഡിബ്രൂയിന്‍, റോഡ്രി, ബെര്‍ണാര്‍ഡോ സില്‍വ എന്നിവരില്‍ ആര് ഗോളടിക്കുമെന്ന് പ്രവചിക്കാനാവില്ല. പകരക്കാരായി ഇറങ്ങാനുള്ള ജാക് ഗ്രീലിഷ് ഉള്‍പ്പടെയുളളവരും അപകടകാരികള്‍.
ഇരുടീമും 186 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. സിറ്റി അന്‍പത്തിയാറിലും യുണൈറ്റഡ് എഴുപത്തിയേഴിലും ജയിച്ചു. 53 മത്സരം സമനിലയില്‍. മറ്റ് മത്സരങ്ങളില്‍ ആഴ്‌സണ്‍ വാറ്റ്‌ഫോര്‍ഡിനെയും ടോട്ടനം എവര്‍ട്ടനേയും നേരിടും. ആഴ്‌സണല്‍ ആറും ടോട്ടനം ഏഴും എവര്‍ട്ടന്‍ പതിനേഴും സ്ഥാനത്താണ്.
ചെല്‍സിക്ക് ജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. ചെല്‍സി എതിരില്ലാത്ത നാല് ഗോളിന് ബേണ്‍ലിയെ തോല്‍പിച്ചു. കായ് ഹാവെര്‍ട്‌സിന്റെ ഇരട്ടഗോള്‍ കരുത്തിലാണ് ചെല്‍സിയുടെ ജയം. നാല്‍പ്പത്തിയേവാം മിനിറ്റില്‍ റീസെ ജയിംസാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മൂന്ന് മിനിനിറ്റിനിടെയായിരുന്നു ഹാവെര്‍ട്‌സിന്റെ ഗോളുകള്‍. അറുപത്തിയൊന്‍പതാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ച് ചെല്‍സിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 53 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ചെല്‍സി. വെസ്റ്റ് ഹാമിനെതിരെ പൊരുതി ജയിച്ച് ലിവര്‍പൂള്‍. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. ഇരുപത്തി ഏഴാം മിനുറ്റില്‍ സാദിയോ മാനെയാണ് വിജയ ഗോള്‍ നേടിയത്. 27 മത്സരങ്ങളില്‍ നിന്ന് 63 പോയിന്റുമായി പട്ടികയില്‍ രണ്ടാമതാണ് ലിവര്‍പൂള്‍.
പിഎസ്ജിക്ക് തോല്‍വി
ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ പിഎസ്ജിക്ക് വീണ്ടും തോല്‍വി. നീസ് ഏകപക്ഷീയമായ ഒരു ഗോളിനാണ് പിഎസ്ജിയെ തോല്‍പ്പിച്ചത്. സീസണില്‍ രണ്ടാം തവണയാണ് നീസ് പിഎസ്ജിയെ തോല്‍പിക്കുന്നത്. കിലിയന്‍ എംബാപ്പേ ഇല്ലാതെ ഇറങ്ങിയ പിഎസ്ജിയെ ആന്‍ഡി ഡെലോര്‍ട്ട് നേടിയ ഗോളിനാണ് നീസ് തോല്‍പിച്ചത്. കളിതീരാന്‍ രണ്ട് മിനിറ്റുള്ളപ്പോഴായിരുന്നു നീസിന്റെ ഗോള്‍. 62 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്ജി.
റയല്‍ കുതിക്കുന്നു
ലാലിഗയില്‍ കീരീട നേട്ടത്തിലേക്ക് അതിവേഗം കുതിച്ച് റയല്‍ മാഡ്രിഡ്. റയല്‍ സോസിഡാഡിനെ 4ഫ1ന് തോല്‍പിച്ചു. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷായിരുന്നു തകര്‍പ്പന്‍ തിരിച്ചുവരവ്. കാമവിംഗ, ലൂക്ക മോഡ്രിച്ച്, ബെന്‍സീമ, അസന്‍സിയോ എന്നിവരാണ് റയലിനായി ഗോളുകള്‍ നേടിയത്. 63 പോയിന്റുമായി ലീഗില്‍ നിലവില്‍ ഒന്നാമതാണ് റയല്‍. 45 പോയിന്റുള്ള ബാഴ്‌സ നാലാം സ്ഥാനത്തും.
