ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ചെല്‍സി പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂള്‍ 2-1ന് ഷെഫീല്‍ഡ് യുനൈറ്റഡിനെ മറികടന്നു. അതേസമയം വെസ്റ്റ് ഹാം 1-1ന് മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ചു. ക്രിസ്റ്റല്‍ പാലസ് ഒന്നിനെതിരെ രണ്ട് ഗോളിന് ഫുള്‍ഹാമിനെ മറികടന്നു.

ചെല്‍സിക്കെതിരെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തന്നെയായിരുന്നു ആധിപത്യം. ഗോള്‍ കീപ്പര്‍ മെന്‍ഡിയുടെ പ്രകടനം ചെല്‍സിക്ക് തുണയായി. അഞ്ച് മത്സരങ്ങളില്‍ ഏഴ് പോയിന്റുളള മാഞ്ചസ്റ്റര്‍ 15ാം സ്ഥാനത്താണ്. രണ്ട് വീതം ജയവും തോല്‍വിയും ഒരു സമനിലയുമാണ് മാഞ്ചസ്റ്ററിന്റെ അക്കൗണ്ടില്‍. ചെല്‍സി ആറാമതുണ്ട്. രണ്ട് മത്സരങ്ങള്‍ ജയിച്ച ചെല്‍സി മൂന്ന് സമനില വഴങ്ങി. ഒരു തോല്‍വിയം ഏറ്റുവാങ്ങി. 9 പോയിന്റാണ് ചെല്‍സിക്കുള്ളത്. 

ഷെഫീല്‍ഡ് യുനൈറ്റഡിനെതിരെ ഗോള്‍ വഴങ്ങിയ ശേഷമാണ് ലിവര്‍പൂള്‍ തിരിച്ചുവന്നത്.  13ാം മിനിറ്റില്‍ സാന്റര്‍ ബെര്‍ജെയുടെ പെനാല്‍റ്റിയിലൂടെ ഷെഫീല്‍ഡ് മുന്നിലെത്തി. എന്നാല്‍ 41ാം മിനിറ്റില്‍ റോബെര്‍ട്ടോ ഫിര്‍മിനോ നിലവിലെ ചാംപ്യന്മാരെ ഒപ്പമെത്തിച്ചു. 64ാം മിനിറ്റില്‍ ഡിയോഗോ ജോട്ടയുടെ വകയായിരുന്നു ലിവര്‍പൂളിന്റെ വിജയഗോള്‍. ജയത്തോടെ പോയിന്റ് പട്ടികയല്‍ രണ്ടാം സ്ഥാനത്തേക്കുയരാന്‍ ലിവര്‍പൂളിനായി.

വെസ്റ്റ് ഹാമിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി ഒരു പോയിന്റ് പിടിച്ചുവാങ്ങുകയായിരുന്നു. 18ാം മിനിറ്റില്‍ മൈക്കില്‍ അന്റോണിയോ മിനിറ്റിലൂടെ വെസ്റ്റ് ഹാം മുന്നിലെത്തി. തിരിച്ചടിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 51ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ഫില്‍ ഫോഡനാണ് സിറ്റിക്കായി ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് ഒന്നിനെതിരെ രണ്ട് ഗോളിന് ഫുള്‍ഹാമിനെ തോല്‍പ്പിച്ചു. ജെയ്‌റോ റീഡ്‌വാള്‍ഡ്, വില്‍ഫ്രഡ് സാഹ എന്നിവര്‍ ക്രിസ്റ്റലിനായി ഗോള്‍ നേടി. ടോം കെയര്‍നിയുടെ വകയായിരുന്നു ഫുള്‍ഹാമിന്റെ ആശ്വാസഗോള്‍.