ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആന്റണിയും മാര്‍ക്കസ് റഷ്‌ഫോര്‍ഡുമെല്ലാം നിരന്തരം ആക്രമണം നടത്തിയെങ്കിലും ഒമോനിയ ഗോളി ഫ്രാന്‍സിസ് ഒസോയുടെ പ്രതിരോധം തകര്‍ക്കാനായില്ല.

മാഞ്ചസ്റ്റര്‍: യുവേഫ യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നാടകീയ ജയം. യുണൈറ്റ് ഇഞ്ചുറിടൈം ഗോളില്‍ ഒമോനിയയെ തോല്‍പിച്ചു. പകരക്കാരനായി ഇറങ്ങിയ മക്ടോമിനെ തൊണ്ണൂറ്റിമൂന്നാം മിനിറ്റില്‍ നേടിയ ഗോളാണ് യുണൈറ്റഡിനെ രക്ഷിച്ചത്. മറ്റൊരു പകരക്കാരനായ ജേഡണ്‍ സാഞ്ചോയുടെ അസിസ്റ്റില്‍നിന്നായിരുന്നു മക്ടോമിനോയുടെ ഗോള്‍. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ആന്റണിയും മാര്‍ക്കസ് റഷ്‌ഫോര്‍ഡുമെല്ലാം നിരന്തരം ആക്രമണം നടത്തിയെങ്കിലും ഒമോനിയ ഗോളി ഫ്രാന്‍സിസ് ഒസോയുടെ പ്രതിരോധം തകര്‍ക്കാനായില്ല. മത്സരത്തില്‍ പന്ത്രണ്ട് സേവുകളാണ് ഒസോ നടത്തിയത്. നാല് കളിയില്‍ 9 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ യുണൈറ്റഡ്. 12 പോയിന്റുള്ള റയല്‍ സോസിഡാഡാണ് ഒന്നാം സ്ഥാനത്ത്. 

ടി20 ലോകകപ്പ്: ഇന്ത്യക്കെതിരെ പന്തെറിയാന്‍ ഷഹീന്‍ അഫ്രീദി എത്തുമോ; മറുപടി നല്‍കി റമീസ് രാജ

അതേസമയം, ആഴ്‌സണല്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ഗണ്ണേഴ്‌സ് ഏകപക്ഷീയമായ ഒരുഗോളിന് നോര്‍വീജിയന്‍ ക്ലബ് ബോഡോ ഗ്ലിന്റിനെ തോല്‍പിച്ചു.ഇരുപത്തിനാലാം മിനിറ്റില്‍ യുവതാരം ബുകായോ സാകയാണ് ആഴ്‌സണലിനെ രക്ഷിച്ച ഗോള്‍ നേടിയത്. കൃത്രിമ പ്രതലത്തില്‍ നടന്ന മത്സരത്തില്‍ മഴകൂടി എത്തിയപ്പോള്‍ ആഴ്‌സണലിന് സ്വാഭാവിക മികവിലേക്ക് എത്താനായില്ല. 

മൂന്നില്‍ മൂന്ന് മത്സരവും ജയിച്ച ആഴ്‌സനല്‍ ഒമ്പത് പോയിന്റുമായി ഒന്നാമതാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവന്‍ എതിരില്ലാത്ത അഞ്ച് ഗോളിന് എഫ്‌സി സൂറിച്ചിനെ തോല്‍പ്പിച്ചു. ഐന്തോവനാണ് ഗ്രൂപ്പില്‍ രണ്ടാമത്.

യൂറോപ്പ ലീഗില്‍ ഇറ്റാലിയന്‍ ക്ലബ് റോമയ്ക്ക് വീണ്ടും തിരിച്ചടി. റോമ, സ്പാനിഷ് ക്ലബ് റയല്‍ ബെറ്റിസുമായി സമനിലയില്‍ പിരിഞ്ഞു. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. നാല് കളിയില്‍ നാല് പോയിന്റ് മാത്രമുള്ള റോമ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. ഇതോടെ റോമയുടെ നോക്കൗട്ട് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. പത്ത് പോയിന്റുള്ള റയല്‍ ബെറ്റിസാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്.