ഒരു ലോകകപ്പ് അങ്ങനെ കോഴിക്കോട് ജില്ലയിലെ വാണിമേൽകാരുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായിത്തീരുന്നു

ദോഹ: ഫിഫ ലോകകപ്പ് വേദിയായ ഖത്തറില്‍ എവിടെ തിരിഞ്ഞിലും ഒരു വാണിമേല്‍കാരനെ കാണാം. നൂറുകണക്കിന് പ്രവാസികളുള്ള കോഴിക്കോട് ജില്ലയിലെ ഈ ഗ്രാമത്തില്‍ നിന്ന് ഫുട്ബോൾ മാമാങ്കത്തിന്‍റെ വിവിധ വിഭാഗങ്ങളിലായി മുപ്പത്തിയഞ്ചോളം വളണ്ടിയർമാരും മറ്റ് സപ്പോർട്ടിംഗ് സ്റ്റാഫുമാണ് സേവനം ചെയ്യുന്നത്. ഇവരെല്ലാം തന്നെ ഫിഫയുടെ അക്രഡിറ്റേഷനുള്ളവരാണ്. ഒരുപക്ഷേ കേരളത്തിലെ ഒരു പഞ്ചായത്തിനും അവകാശപ്പെടാനാവാത്ത നേട്ടമായിരിക്കും ഇത്. അതിനാല്‍തന്നെ അഭിമാന നിമിഷങ്ങളായി ഫിഫ ലോകകപ്പിനെ ഖത്തറിലെ വാണിമേലുകാര്‍ കണക്കാക്കുന്നു. 

ലോകകപ്പ് വേദി ഖത്തറിന് ഉറപ്പായപ്പോഴേ ഒന്നുറപ്പായിരുന്നു. ഫുട്ബോള്‍ ലോകകപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളി പങ്കാളിത്തമുള്ള ലോകകപ്പാകും ഖത്തറിലേത്. അതുപോലെ തന്നെയായി ഖത്തറിലെ ലോകകപ്പ് കാഴ്‌ചകള്‍. എന്നാല്‍ ഖത്തറില്‍ തമ്പടിച്ചിരിക്കുന്ന മലയാളി ആരാധകര്‍ക്ക് വാണിമേല്‍കാരനായ ഒരു വളണ്ടിയറെയോ ഒഫീഷ്യലിനേയോ കണ്ടുമുട്ടാതെ ലോകകപ്പ് വേദികളിലെ കസേരകളില്‍ എത്താനാവില്ല എന്നതാണ് യാഥാര്‍ഥ്യം. ലോകകപ്പ് സ്റ്റേഡിയങ്ങളിലും ഹോസ്‌പിറ്റാലിറ്റി, ട്രാന്‍സ്‌പോര്‍ട്ട് വിഭാഗങ്ങളിലുമെല്ലാം വാണിമേലുകാരുടെ സജീവ സാന്നിധ്യമുണ്ട്. 

സംഘാടനത്തില്‍ ഒതുങ്ങുന്നില്ല, വാണിമേല്‍കാരുടെ ഉത്സവമാണ് ദോഹയില്‍ 

ഖത്തർ വാണിമേൽ പ്രവാസി ഫോറം (QVPF) ഫിഫ ലോകകപ്പിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിരവധി ശ്രദ്ധേയമായ പരിപാടികളാണ് ദോഹയിൽ നടത്തിപ്പോരുന്നത്. ക്യുവിപിഎഫ് സംഘടിപ്പിച്ച പെനാൾട്ടി ഷൂട്ടൗട്ട് മത്സരം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. നവംബർ 11ന് ഖത്തർ വാണിമേൽ പ്രവാസി ഫോറം വാണിമേൽകാരായ മുപ്പതിലധികം വളണ്ടിയർമാരെ ഉൾപ്പെടുത്തി ദോഹ കോർണീഷിൽ വളണ്ടിയേഴ്‌സ് മീറ്റും ഫോട്ടോ വീഡിയോ ഷൂട്ടും ബോട്ട് യാത്രയും സംഘടിപ്പിച്ചതാണ് മറ്റൊരു ശ്രദ്ധേയ പരിപാടി. ഇതിലൊന്നും അവസാനിക്കുന്നില്ല ഖത്തറിലെ വാണിമേല്‍കാരുടെ ലോകകപ്പ് ആഘോഷങ്ങള്‍. വരുംദിനങ്ങളിൽ നാട്ടിലും ലോകകപ്പുമായി ബന്ധപ്പെട്ട് QVPFന്‍റെ പിന്തുണയിൽ പരിപാടികൾ അണിയറയിൽ ഒരുങ്ങുകയാണ്. 

ലോകകപ്പ് മത്സരങ്ങള്‍ കാണാനായി പ്രായഭേദമന്യേ വാണിമേൽക്കാരായ നിരവധി ഫുട്ബോൾ പ്രേമികൾ ദോഹയിൽ വിമാനമിറങ്ങിയിട്ടുമുണ്ട്. ഖത്തർ വാണിമേൽ പ്രവാസി ഫോറം ദോഹയിലെത്തിയ മുഴുവൻ വാണിമേലിയൻസിനെയും ഉൾപ്പെടുത്തിക്കൊണ്ട് കോർണീഷിലെ അൽ ബിദ പാർക്കിൽ Extra Time with Vanimelians എന്ന ശീർഷകത്തിൽ വിപുലമായ മീറ്റ് അപ്പ് നടത്തിയതും ശ്രദ്ധേയമായി. അങ്ങനെ ഖത്തര്‍ ലോകകപ്പ് സംഘാടനത്തിലും കാഴ്‌ചക്കാരിലും വാണിമേല്‍കാര്‍ ആറാടുകയാണ്.

ജര്‍മന്‍ ടാങ്കുകള്‍ക്ക് മീതെ ജപ്പാന്‍റെ ഇരട്ട മിസൈല്‍; ഫിഫ ലോകകപ്പില്‍ അടുത്ത അട്ടിമറി