ജിനാന്‍: മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്‍ മധ്യനിര താരം മൌറോന്‍ ഫെല്ലിനിക്ക് കൊവിഡ് 19 സ്ഥിരീകരണം. നിലവില്‍ ചൈനീസ് സൂപ്പർ ലീഗില്‍ കളിക്കുന്ന താരത്തിന് ജിനാന്‍ പ്രവിശ്യയില്‍ വച്ചാണ് മഹാമാരി പിടിപെട്ടത്. ട്രെയിനില്‍ മാർച്ച് 20നാണ് താരം നഗരത്തിലെത്തിയത്.

ചൈസീസ് സൂപ്പർ ലീഗില്‍ കൊവിഡ് 19 സ്ഥിരീകരിക്കുന്ന ആദ്യ താരമാണ് ഫെല്ലിനി. പ്രീമിയർ ലീഗില്‍ എവർട്ടനായും കളിച്ചിട്ടുണ്ട് താരം. ബെല്‍ജിയത്തിന്‍റെ സുവർണ തലമുറയിലെ കണ്ണി എന്ന് വിശേഷിക്കപ്പെടുന്ന താരം രണ്ട് ലോകകപ്പുകള്‍ കളിച്ചു. ബെല്‍ജിയത്തിനായി 87 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഫെല്ലിനി രാജ്യാന്തര ഫുട്ബോളില്‍ നിന്ന് കഴിഞ്ഞ വർഷം വിരമിച്ചിരുന്നു. 

ഫുട്ബോള്‍ ലോകത്തിന് കണ്ണീർ ദിനമാണിന്ന്. കൊവിഡ് 19 ബാധിച്ച് റയല്‍ മഡ്രിഡ് മുന്‍ പ്രസിഡന്‍റ് ലോറെന്‍സോ സാന്‍സ്(76) വിടവാങ്ങി. അതേസമയം യുവന്റസിന്റെ അർജന്‍റീനന്‍ സ്‍ട്രൈക്കർ പൗലോ ഡിബാലക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡിബാലയുടെ പങ്കാളി ഒറിയാന സബാറ്റിനിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡിബാല പറഞ്ഞു.

കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ യുവന്റസ് താരമാണ് 26കാരനായ ഡിബാല. ഡാനിയേലേ റുഗാനി, ബ്ലെയ്‌സ് മറ്റിയൂഡി എന്നിവര്‍ക്ക് നേരത്തെ കൊവിഡ് ബാധയേറ്റിരുന്നു. ഇറ്റലിയുടെ ഇതിഹാസ താരവും എ സി മിലാന്‍ ടെക്‌നിക്കല്‍ ഡയറക്ടറുമായ പൗളോ മാള്‍ഡീനിക്കും കൊവിഡ് സ്ഥിരീകരിച്ചു. 51കാരനമായ മാള്‍ഡീനിക്കൊപ്പം മകന്‍ ഡാനിയേല്‍ മാള്‍ഡീനിക്കും കൊവിഡ് ബാധയേറ്റു. പതിനെട്ടുകാരനായ ഡാനിയേല്‍ എ സി മിലാന്‍ താരമാണ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക