പാരീസ്: ആറാം തവണ ബാലണ്‍ ഡി ഓര്‍ പുരസ്കാരത്തിന് അര്‍ഹനായ ലിയോണല്‍ മെസിയുടെ നേട്ടത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ആരായിരിക്കും. സംശയം വേണ്ട മകന്‍ മാറ്റിയോ തന്നെ. പാരീസില്‍ നടന്ന സമ്മാനദാനച്ചടങ്ങില്‍ പുരസ്കാരം പ്രഖ്യാപിച്ചത് കേട്ടപ്പോള്‍ സന്തോഷം കൊണ്ട് മതിമറന്ന് സീറ്റില്‍ തുള്ളിച്ചാടുന്ന മാറ്റിയോയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.

ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ പുരസ്‌കാരം നേടിയ താരമെന്ന റെക്കോർ‍‍ഡ്  ഇന്നലെ മെസി സ്വന്തമാക്കിയിരുന്നു. അഞ്ച് തവണ പുരസ്‌കാരം നേടിയ റൊണാൾഡോയെ പിന്തള്ളിയാണ് മെസി ആറാം കിരീടം പേരിലാക്കിയത്. 2015നുശേഷം മെസിയുടെ ആദ്യ ബാലണ്‍ ഡി ഓര്‍ കിരീടനേട്ടമായിരുന്നു ഇന്നലത്തേത്.  ചാമ്പ്യൻസ് ലീഗിലെയും ലാലിഗയിലെയും മിന്നും പ്രകടനമാണ് മെസിക്ക് തുണയായത്.

ലാലിഗയിൽ 36ഉം ചാമ്പ്യൻസ് ലീഗിൽ 12ഉം ഗോളുകളാണ് സീസണിൽ മെസി നേടിയത്. ഈ വര്‍ഷത്തെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും മെസിക്കായിരുന്നു. 2009 മുതൽ 2012 വരെ തുടർച്ചയായി നാല് വർഷം മെസി ബാലൻ ഡി ഓർ ഉയർത്തിയിട്ടുണ്ട്.