ഗോൾവേട്ടയിൽ മൂന്നാം സ്ഥാനത്ത് ബാഴ്സലോണയുടെ റോബർട്ട് ലെവൻഡോവ്സ്കിയാണ്. ബയേൺ മ്യൂണിക്ക് വിട്ട് ബാഴ്സയിലെത്തിയ ലെവൻഡോവ്സ്കി 2022ൽ 51 മത്സരങ്ങളില്‍ നിന്നായി നേടിയത് 42 ഗോൾ.

പാരീസ്: പോയവർഷത്തിൽ ഗോൾവേട്ടയിൽ ഒന്നാമനായി കിലിയൻ എംബാപ്പേ. അസിസ്റ്റിൽ ലിയോണൽ മെസിയാണ് മുന്നിൽ. 2022ൽ ഫ്രാൻസിനും പി എസ് ജിക്കുമായി 56 മത്സരങ്ങളില്‍ നിന്ന് കിലിയൻ എംബാപ്പേ നേടിയത് 56 ഗോളുകൾ. ശരാശരി ഒരു മത്സരത്തില്‍ ഒരു ഗോള്‍ വീതം. ഖത്തർ ലോകകപ്പിൽ ടോപ് സ്കോറർക്കുള്ള ഗോൾഡൺ ബൂട്ട് സ്വന്തമാക്കിയതും എംബാപ്പേ ആയിരുന്നു.

43 മത്സരങ്ങളില്‍ നിന്ന് 46 ഗോളുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡാണ് രണ്ടാം സ്ഥാനത്ത്. ബൊറൂസ്യ ഡോർട്ട്മുണ്ടിൽ നിന്ന് സിറ്റിയിലെത്തിയ ഹാലൻഡ് അസാധാരണ സ്കോറിംഗ് മികവോടെയാണ് മുന്നേറുന്നത്. പ്രീമിയർ ലീഗിൽ പതിനഞ്ച് കളിയിൽ ഇരുപത്തിയൊന്ന് ഗോൾ ഹാലന്‍ഡ് ഇതുവരെ സ്വന്തമാക്കിക്കഴിഞ്ഞു.

ഗോൾവേട്ടയിൽ മൂന്നാം സ്ഥാനത്ത് ബാഴ്സലോണയുടെ റോബർട്ട് ലെവൻഡോവ്സ്കിയാണ്. ബയേൺ മ്യൂണിക്ക് വിട്ട് ബാഴ്സയിലെത്തിയ ലെവൻഡോവ്സ്കി 2022ൽ 51 മത്സരങ്ങളില്‍ നിന്നായി നേടിയത് 42 ഗോൾ. കഴിഞ്ഞ മൂന്ന് വര്‍ഷവും ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടോപ് സ്കോററായത് ലെവന്‍ഡോവ്സ്കിയായിരുന്നു. 2019നുശേഷം ഇതാദ്യമായാണ് ലെവന്‍ഡോവ്സ്കി ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഗോള്‍വേട്ടയില്‍ മൂന്നാം സ്ഥാനത്താവുന്നത്.

അസിസ്റ്റിൽ ലിയോണൽ മെസിയെ വെല്ലാൻ 2022ലും ആരുമുണ്ടായില്ല. അർജന്‍റീനയെ ലോക ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മെസി പോയവർഷം നൽകിയത് 30 അസിസ്റ്റുകൾ. 51 മത്സരങ്ങളില്‍ നിന്ന് 35 ഗോളുകളും മെസി സ്വന്തം പേരിലാക്കി.

28 അസിസ്റ്റുമായി മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രൂയിനാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് പിഎസ് ജിയുടെ ബ്രസീലിയൻ താരം നെയ്മർ ജൂനിയർ. 2022ൽ 23 അസിസ്റ്റാണ് നെയ്മറുടെ പേരിനൊപ്പമുള്ളത്. 43 മത്സരങ്ങളില്‍ 32 ഗോളുകളും നെയ്മറുടെ പേരിലുണ്ട്.