മെസിയും നെയ്മറും വിനീഷ്യസുമെല്ലാം ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ മനംകവരുന്നു. ഇതിനിടെയാണ് ഫുട്‌ബോള്‍ മാധ്യമമായ ഫോര്‍ ഫോര്‍ ടു നിലവിലെ ഏറ്റവും മികച്ച പത്ത് ലാറ്റിനമേരിക്കന്‍ താരങ്ങളുടെ പട്ടിക പുറത്തിറക്കിയത്.
പാരിസ്: യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന ഏറ്റവും മികച്ച ലാറ്റിനമേരിക്കന്‍ താരങ്ങളുടെ പട്ടികയില്‍ ലിയോണല്‍ മെസി (Lionel Messi) മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളുടെ റാങ്കിംഗ് നിശ്ചയിച്ചത്. ഫുട്‌ബോളില്‍ അസാധാരണ പ്രതിഭകളുടെ അക്ഷയഖനിയാണ് ലാറ്റിനമേരിക്ക. പെലെയും (Pele) മറഡോണയും (Maradona) എക്കാലത്തേയും ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍. പുതിയകാലത്തിലും ലാറ്റിനമേരിക്കയ്ക്ക് പ്രതിഭാദാരിദ്ര്യമില്ല.
മെസിയും നെയ്മറും വിനീഷ്യസുമെല്ലാം ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ മനംകവരുന്നു. ഇതിനിടെയാണ് ഫുട്‌ബോള്‍ മാധ്യമമായ ഫോര്‍ ഫോര്‍ ടു നിലവിലെ ഏറ്റവും മികച്ച പത്ത് ലാറ്റിനമേരിക്കന്‍ താരങ്ങളുടെ പട്ടിക പുറത്തിറക്കിയത്. കഴിഞ്ഞ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റാങ്കിംഗ്. പത്താം സ്ഥാനത്ത് ലിവര്‍പൂളിന്റെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫാബിഞ്ഞോ. ഒന്‍പതാമനായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജെസ്യൂസ്.
എട്ടാംസ്ഥാനത്ത് ഇന്റര്‍മിലാന്റെ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ലൗറ്ററോ മാര്‍ട്ടിനസ്. ഏഴാമനായി ലിവര്‍പൂളിന്റെ കൊളംബിയന്‍ താരം ലൂയിസ് ഡിയാസ്. പി എസ് ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ ആറാം സ്ഥാനത്ത്. റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ കാസിമിറോയാണ് അഞ്ചാമന്‍. നാലാമനായി യുറുഗ്വായുടെ റയല്‍ മാഡ്രിഡ് താരം ഫെഡറിക്കോ വാല്‍വെര്‍ദേ. മൂന്നാം സ്ഥാനത്ത് അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി. പിഎസ്ജിയിലെ നിറംമങ്ങിയ പ്രകടനമാണ് മെസ്സിയെ മൂന്നാം സ്ഥാനത്താക്കിയത്.
ലിവര്‍പൂളിന്റെ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കര്‍ രണ്ടാംസ്ഥാനത്തെക്കി. റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ യുവതാരം വിനിഷ്യസ് ജൂനിയറാണ് റാങ്കിംഗില്‍ ഒന്നാംസ്ഥാനത്ത് എത്തിയത്. യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരെ റയല്‍ മാഡ്രിഡിന്റെ വിജയഗോള്‍ നേടിയത് വിനീഷ്യസായിരുന്നു.
