മാഡ്രിഡ്: ലാ ലിഗയില്‍ നിലവിലെ ചാംപ്യന്മാരായ ബാഴ്‌സലോണയക്കും അത്‌ലറ്റികോ മാഡ്രിഡിനും ജയം. ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന് വയാഡോളിഡിനെ തോല്‍പ്പിച്ചപ്പോള്‍ അത്‌ലറ്റികോ ഇതേ സ്‌കോറിന് റയല്‍ ബെറ്റിസിനെ മറിടന്നു. മറ്റൊരു മത്സരത്തില്‍ ഒസാസുന ഒന്നിനെതിരെ രണ്ട് ഗോളിന് സെല്‍റ്റ വിഗോയെ മറികടന്നു.

വയാഡോളിഡിന്റെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് അത്ര എളുപ്പമായിരുന്നില്ല. 15ാം മിനിറ്റില്‍ അര്‍തുറോ വിദാല്‍ നേടിയ ഗോളാണ് ബാഴ്‌സയ്ക്ക് ജയം സമ്മാനിച്ചത്. ലിയോണല്‍ മെസിയാണ് ഗോളിന് വഴിയൊരുക്കിയത്. ഇതോടെ 20 അസിസ്റ്റുകള്‍ താരത്തിന്റെ അക്കൗണ്ടിലായി. സീസണില്‍ ഇതുവരെ 22 ഗോളുകളും മെസി നേടിയിരുന്നു. 

ലാ ലിഗ ചരിത്രത്തില്‍ 20 അസിസ്റ്റും അത്രത്തോളമോ അതില്‍ കൂടുതലോ ഗോളും നേടുന്ന ആദ്യതാരമെന്ന റെക്കോഡും മെസിയുടെ പേരിലായി. മാത്രമല്ല, മുന്‍ ബാഴ്‌സ താരം സാവിക്ക് ശേഷം ഒരു സീസണില്‍ 20 അസിസ്റ്റുകള്‍ സ്വന്തമാക്കുന്ന താരവും മെസി തന്നെ. 2008-09ലായിരുന്നു സാവിയുടെ നേട്ടം.

അത്‌ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് റയല്‍ ബെറ്റിസിനെയാണ് മറികടന്നത്. 74ാം മിനിറ്റില്‍ ഡിയേഗോ കോസ്റ്റയാണ് അത്‌ലറ്റികോയുടെ ഗോള്‍ നേടിയത്. 57ാം മിനിറ്റില്‍ അത്‌ലറ്റികോയുടെ മാരിയോ ഹെര്‍മോസോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. രണ്ടാം പകുതിയുടെ ഭൂരിഭാഗവും പത്ത് പേരുമായിട്ടാണ് അത്‌ലറ്റികോ കളിച്ചത്.