ബാഴ്‌സലോണ: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ, ലിവര്‍പൂള്‍ ടീമുകള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ലിയോണല്‍ മെസി നിറഞ്ഞാടിയ മത്സരത്തില്‍ ലിയോണിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സലോണ അവസാന എട്ടിലെത്തിയത്. ലിവര്‍പൂള്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബയേണ്‍ മ്യൂനിച്ചിനെയും തോല്‍പ്പിച്ചു. 

ചാംപ്യന്‍സ് ലീഗില്‍ തോല്‍വി അറിയാത്ത ടീമുകളായിരുന്നു ബാഴ്‌സലോണയും ഫ്രഞ്ച് ക്ലബായ ലിയോണും. എ്ന്നാല്‍ ബാഴ്‌സയുടെ ഹോംഗ്രൗണ്ടായ നൗകാംപില്‍ ലിയോണിന് പിഴച്ചു. രണ്ട് ഗോള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത മെസിയാണ് ബാഴ്‌സയ്ക്ക് ജയമൊരുക്കിയത്. ഫിലിപെ കുടിഞ്ഞോ, ജെറാര്‍ഡ് പിക്വെ, ഉസ്മാന്‍ ഡെംബലേ എന്നിവരാണ് ബാഴ്‌സലോണയുടെ ഗോളുകള്‍ നേടിയത്. ലൂക്‌സ് ടൗസാര്‍ട്ടാണ് ലിയോണിന്റെ ഏക ഗോള്‍ നേടിയത്. ജയത്തോടെ തുടരെ പന്ത്രണ്ടാം വര്‍ഷവും ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കുക എന്ന ചരിത്രവും ബാഴ്‌സ കുറിച്ചു.

മുന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂനിച്ചിനെ വീഴ്ത്തിയാണ് ലിവര്‍പൂളിന്റെ മുന്നേറ്റം. ആദ്യപാദത്തില്‍ സമനിലയില്‍ പിടിച്ച ബയേണിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മറികടന്നത്. 26ആം മിനിട്ടില്‍ സാഡിയോ മാനേയുടെ ഗോളിലൂടെ മുന്നിലെത്തിയ ലിവര്‍പൂളിനെ 39ാം മിനിട്ടില്‍ മാറ്റിപ്പ് നേടിയ ഗോളിലൂടെ ആശങ്കയിലാക്കിയെങ്കിലും, ആ മികവ് തുടരാന്‍ ബയേണിനായില്ല. 69ാം മിനിട്ടില്‍ വാന്‍ജിക്ക് ലീഡുയര്‍ത്തി. തൊട്ടുപിന്നാലെ തന്റെ രണ്ടാം ഗോള്‍ നേടിയ മാനെ ബയേണിന് മുന്നില്‍ ചാംപ്യന്‍സ് ലീഗിന്റെ വാതില്‍ കൊട്ടിയടച്ചു.