Asianet News MalayalamAsianet News Malayalam

ഹാട്രിക്കുമായി നിറഞ്ഞാടി മെസി; ജയത്തോടെ ബാഴ്സ ഒന്നാമത്, വിടാതെ റയല്‍

മെസി രണ്ട് ഗോളുകള്‍ ഫ്രീകിക്കിലൂടെയാണ് നേടിയത് എന്നതും ശ്രദ്ധേയം.  

Messi Hat-trick; Barcelona beats Celta vigo
Author
Barcelona, First Published Nov 10, 2019, 7:41 AM IST

ബാഴ്സലോണ: സൂപ്പര്‍ താരം ലയണല്‍ മെസി ഹാട്രിക് ഗോളുമായി കളം നിറഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സെല്‍റ്റ വിഗയെ തോല്‍പ്പിച്ച് ബാഴ്സ പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. ലാലിഗയില്‍ 34ാം ഹാട്രിക്കാണ് മെസി ശനിയാഴ്ച പൂര്‍ത്തിയാക്കിയത്. രണ്ട് ഗോളുകള്‍ ഫ്രീകിക്കിലൂടെയാണ് നേടിയത് എന്നതും ശ്രദ്ധേയം.  

23ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളിലൂടെ മെസിയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. എന്നാല്‍ ഇടവേളക്ക് പിരിയുന്നതിന് മുമ്പ് 42ാം മിനിറ്റില്‍ ഒലാസയിലൂടെ സെല്‍റ്റ വിഗൊ തിരിച്ചടിച്ചു. വെറും നാല് മിനിറ്റ് മാത്രമായിരുന്നു സെല്‍റ്റ വിഗോയുടെ ആശ്വാസം. ഒന്നാം പകുതിയുടെ അധിക സമയത്ത് ലഭിച്ച ഫ്രീകിക്ക് മെസി വലയിലെത്തിച്ചു. രണ്ടാം പകുതി തുടങ്ങിയതും മെസിയുടെ ഗോളോടെയാണ്.

48ാം മിനിറ്റില്‍ മറ്റൊരു ഫ്രീകിക്കും മെസി മുതലാക്കി. 85ാം മിനിറ്റില്‍ നാലാം ഗോളും നേടി ബുസ്കറ്റ്സ് പട്ടിക പൂര്‍ത്തിയാക്കി. ഇതോടെ 12 മത്സരങ്ങളില്‍ നിന്ന് ബാഴ്സയുടെ പോയിന്‍റ് നേട്ടം 25 ആയി വര്‍ധിച്ചു. രണ്ടാമതുള്ള റയല്‍ മാഡ്രിഡിനും 25 പോയിന്‍റുണ്ട്. ഗോള്‍ ശരാശരിയിലാണ് ബാഴ്സ മുന്നില്‍ നില്‍ക്കുന്നത്. 23 പോയിന്‍റുമായി റയല്‍ സോസീഡാഡാണ് മൂന്നാമത്.  

മറ്റൊരു മത്സരത്തില്‍ കരിം ബെന്‍സേമയുടെ ഇരട്ടഗോള്‍ മികവില്‍ ഐബറിനെതിരെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡ് വിജയിച്ചു. ആദ്യ പകുതിയില്‍ റയലിന് അനുകൂലമായി ലഭിച്ച മൂന്ന് പെനാല്‍റ്റികളാണ് വഴിത്തിരിവായത്.  17,29 മിനിറ്റുകളില്‍ ലഭിച്ച പെനാല്‍റ്റികള്‍ ബെന്‍സേമയും 20ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സെര്‍ജിയോ റാമോസും ലക്ഷ്യത്തിലെത്തിച്ചു. 61ാം മിനിറ്റില്‍ വാല്‍വര്‍ഡെയാണ് നാലാം ഗോള്‍ നേടിയത്.  
 

Follow Us:
Download App:
  • android
  • ios