ഓരോ മത്സരത്തിലും താനാണ് ചരിത്രത്തിലെ ഏറ്റവും മികച്ചവനെന്ന് മെസി വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ആർക്കെങ്കിലും അതിൽ സംശയമുണ്ടെങ്കിൽ അവർ മനപൂർവ്വം കുറ്റങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ്.
ന്യൂയോര്‍ക്ക്: ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ലയണൽ മെസി തന്നെയെന്ന് സ്പാനിഷ് കൗമാര താരം ലാമിൻ യമാൽ. മെസിയുടെ പ്രതിഭയെച്ചൊല്ലി ഇനി യാതൊരുവിധ തർക്കങ്ങൾക്കും പ്രസക്തിയില്ലെന്നും അദ്ദേഹം ഓരോ മത്സരത്തിലും തന്‍റെ മഹത്വം തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും യമാൽ പറഞ്ഞു. എന്നാൽ, മെസിയെ വാനോളം പുകഴ്ത്തുമ്പോഴും തന്‍റെ എക്കാലത്തെയും ഹീറോ മെസിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ അല്ലെന്നും, അത് ബ്രസീലിയൻ താരം നെയ്മർ ജൂനിയറാണെന്നും യമാല്‍ ആർടിവിഇയോട് പറഞ്ഞു
ഓരോ മത്സരത്തിലും താനാണ് ചരിത്രത്തിലെ ഏറ്റവും മികച്ചവനെന്ന് മെസി വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ആർക്കെങ്കിലും അതിൽ സംശയമുണ്ടെങ്കിൽ അവർ മനപൂർവ്വം കുറ്റങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ്. അതിൽ കൂടുതൽ ഒന്നും പറയാനില്ല. ഇതൊക്കെയാണെങ്കിലും എന്‍റെ എക്കാലത്തെയും വലിയ റോള്‍ മോഡല്‍ നെയ്മർ ആണ്-യമാല്‍ പറഞ്ഞു.
ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയ്ക്കായി മെസി അള്‍ജീരിക്കെതിരായ ആദ്യ മത്സരത്തില്‍ ഹാട്രിക് നേടിയ പശ്ചാത്തലത്തിലാണ് യമാലിന്‍റെ പ്രതികരണം. ഈ ഹാട്രിക് നേട്ടത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിനൊപ്പം മെസിയെത്തി. കൂടാതെ, ലോകകപ്പിൽ ഒന്നിലധികം ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം (38 വയസ്സും 357 ദിവസവും) എന്ന റെക്കോർഡും മെസി സ്വന്തമാക്കി. അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന രണ്ടാമത്തെ താരം എന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പവും മെസിക്ക് കഴിഞ്ഞു.
പരിക്കിൽ നിന്നും തിരിച്ചുവരവ്; സ്പെയിനിനായി യമാൽ
ഹാംസ്ട്രിങ് പരിക്കിനെത്തുടർന്ന് രണ്ട് മാസത്തോളമായി കളിക്കളത്തിന് പുറത്തായിരുന്ന ലാമിൻ യമാൽ പൂർണ്ണ ഫിറ്റ്നസിലേക്ക് തിരിച്ചെത്തുന്നതേയുള്ളൂ. കേപ് വെർദെയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ 25 മിനിറ്റ് മാത്രമാണ് യമാൽ കളിച്ചത്. മത്സരം 0-0 ന് സമനിലയിൽ കലാശിച്ചിരുന്നു. ഞായറാഴ്ച സൗദി അറേബ്യക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിലും യമാൽ മുഴുവൻ സമയവും കളിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
പരിക്കിന് ശേഷമുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യത്തിനും യമാല്‍ മറുപടി നല്‍കി. ഞാൻ ഇപ്പോൾ സുഖമായിരിക്കുന്നു, പക്ഷേ ഒരു മുഴുവൻ മത്സരം കളിക്കാനുള്ള സമയമായിട്ടില്ല. അനാവശ്യമായ സമ്മർദ്ദം ചെലുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. കോച്ച് എത്ര മിനിറ്റ് കളിക്കാൻ ആവശ്യപ്പെടുന്നോ അത്രയും നേരം ഞാൻ മൈതാനത്തുണ്ടാകും. 90 മിനിറ്റ് കളിക്കാൻ കഴിയില്ലെന്ന് ബോധ്യമുണ്ടെങ്കിലും മൈതാനത്തിറങ്ങി ടീമിനെ സഹായിക്കാൻ തന്നെയാണ് എന്‍റെ ആഗ്രഹം-യമാല്‍ വ്യക്തമാക്കി.
