ഇതിഹാസ താരം ലയണൽ മെസിയുടെ ലോകകപ്പ് കരിയറിലെ അവസാന അധ്യായത്തിന് വിസ്മയകരമായ ഒരു അന്ത്യമുണ്ടാകുമോ അതോ സ്പാനിഷ് യുവനിര ലോകം കീഴടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ന്യൂയോർക്ക്: ലോകം കാത്തിരുന്ന ആ ആവേശ നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഫിഫ ലോകകപ്പിന്‍റെ പുതിയ രാജാക്കന്മാർ ആരാണെന്ന് ഇന്നറിയാം. ന്യൂയോർക്കിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന, യൂറോപ്യൻ കരുത്തരായ സ്പെയിനുമായി മാറ്റുരയ്ക്കും. ഇന്ത്യൻ സമയം ഇന്ന് അർധരാത്രി 12.30-നാണ് (നാളെ പുലർച്ചെ) കിരീടപ്പോരാട്ടത്തിന് കിക്കോഫാകുക.

ലാറ്റിനമേരിക്കൻ ഫുട്ബോളിന്‍റെ വന്യമായ അഭിനിവേശവും യൂറോപ്യൻ തന്ത്രങ്ങളുടെ കൃത്യതയും തമ്മിൽ നേർക്കുനേർ വരുന്ന ഫൈനൽ പ്രവചനാതീതമാണ്. ഇതിഹാസ താരം ലയണൽ മെസിയുടെ ലോകകപ്പ് കരിയറിലെ അവസാന അധ്യായത്തിന് വിസ്മയകരമായ ഒരു അന്ത്യമുണ്ടാകുമോ അതോ സ്പാനിഷ് യുവനിര ലോകം കീഴടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഖത്തറിലെ ലോകകപ്പ് കിരീടനേട്ടം ന്യൂയോർക്കിലും ആവർത്തിക്കാനാണ് ലയണൽ സ്കലോണിയുടെ അർജന്‍റീന ഇറങ്ങുന്നത്. ഇറ്റലിക്കും ബ്രസീലിനും ശേഷം ലോകകിരീടം നിലനിർത്തുന്ന ചരിത്രത്തിലെ മൂന്നാമത്തെ മാത്രം ടീമെന്ന അപൂർവ്വ നേട്ടമാണ് അർജന്റീനയെ കാത്തിരിക്കുന്നത്.

ടൂർണമെന്‍റിലുടനീളം മികച്ച ഫോമിലുള്ള ക്യാപ്റ്റൻ ലയണൽ മെസിയുടെ വിടവാങ്ങൽ മത്സരം കൂടിയാകാം ഇത്. കരിയറിലെ ഏറ്റവും സുവർണ്ണ നിമിഷത്തോടെ മെസിക്ക് യാത്രയയപ്പ് നൽകാൻ ലൗട്ടാരോ മാർട്ടിനസും അൽവാരസും മക് അലിസ്റ്ററും അടങ്ങുന്ന സംഘം ജീവൻമരണ പോരാട്ടത്തിന് തയ്യാറാണ്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ (19 ഗോളുകൾ) അടിച്ചുകൂട്ടിയ റെക്കോർഡ് അർജന്‍റീനയ്ക്കാണ്. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം കേപ് വെർഡെ, സ്വിറ്റ്‌സർലൻഡ്, ഇംഗ്ലണ്ട് എന്നിവരോട് കടുത്ത പോരാട്ടം നടത്തി എക്സ്ട്രാ ടൈമുകളിലൂടെയും നാടകീയ തിരിച്ചുവരവുകളിലൂടെയുമാണ് പ്രതിസന്ധികൾ മറികടന്ന് അർജന്‍റീന ഫൈനലിലെത്തിയത്.

പതിനാറ് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം തങ്ങളുടെ രണ്ടാമത്തെ ലോകകിരീടം തേടിയാണ് സ്പെയിൻ പടയൊരുക്കുന്നത്. കളിക്കളത്തിൽ പന്തടക്കം കൊണ്ട് എതിരാളികളെ ശ്വാസം മുട്ടിക്കുന്ന തന്ത്രമാണ് ലൂയിസ് ഡി ലാ ഫ്യൂന്‍റെയുടെ സ്പാനിഷ് പടയുടേത്. ടൂർണമെന്‍റിലെ ഏറ്റവും മികച്ച പ്രതിരോധ നിരയാണ് സ്പെയിനിന്‍റേത്. ഇതുവരെ കളിച്ച 7 മത്സരങ്ങളിൽ നിന്ന് വെറും ഒരു ഗോൾ മാത്രമാണ് സ്പാനിഷ് വൻമതിൽ വഴങ്ങിയത്. തുടർച്ചയായി 37 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് സ്പെയിൻ ഫൈനൽ പോരാട്ടത്തിനെത്തുന്നത്. ഫ്രാൻസിനെയും പോർച്ചുഗലിനെയും ബെൽജിയത്തെയുമെല്ലാം ആധികാരികമായി പരാജയപ്പെടുത്തിയാണ് അവരുടെ വരവ്.

മധ്യനിരയിലെ ജനറൽ റോഡ്രിയുടെ തന്ത്രങ്ങൾക്കൊപ്പം ലോകം ഉറ്റുനോക്കുന്ന കൗമാര വിസ്മയം ലാമിൻ യമാൽ, കുബാർസി, പ്രതിരോധത്തിൽ കുക്കുറേയ, ഗോൾവലയ്ക്ക് മുന്നിൽ ഉനായ് സിമോൺ എന്നിവരടങ്ങുന്ന സംഘം അപാര ഫോമിലാണ്. ഇരു ടീമുകളും ഔദ്യോഗിക മത്സരങ്ങളിലും സൗഹൃദ മത്സരങ്ങളിലുമായി മുൻപ് 14 തവണ ഏറ്റുമുട്ടിയപ്പോൾ 6 വിജയങ്ങളുമായി ഇരുവർക്കും തുല്യ ശക്തിയാണ്. എന്നാൽ ലോകകപ്പ് ചരിത്രത്തിൽ 1966-ൽ മാത്രമാണ് ഇരുടീമും നേർക്കുനേർ വന്നത്. അന്ന് അർജന്‍റീനയ്ക്കായിരുന്നു വിജയം. ന്യൂയോർക്കിലെ പുൽമൈതാനത്ത് ഇന്ന് രാത്രി പുതിയ ചരിത്രം കുറിക്കപ്പെടും. ഇന്ത്യയിൽ മത്സരം ലൈവ് സ്ട്രീമിംഗ് വഴി സീ ഫൈവിലും, കൂടാതെ ദൂരദർശനിലും തത്സമയം കാണാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക