Asianet News Malayalam

മെസ്സിയോ റൊണാള്‍ഡൊയോ 'GOAT'; ആ ചോദ്യത്തിന് ഉത്തരം നല്‍കി ഛേത്രി

ഈ അഭിമുഖത്തിന് തൊട്ടു മുമ്പ് ഞാന്‍ ലിയോണല്‍ മെസ്സിയുടെ വീഡിയോ കാണുകയായിരുന്നു. അതെന്നെ ശരിക്കും പ്രചോദിപ്പിക്കാറുണ്ട്. ഈ ലോകത്ത് ആരെങ്കിലും ദു:ഖിച്ചിരിക്കുകയാണെങ്കില്‍ അവര്‍ മെസ്സിയുടെ വീഡിയോ ഒന്നെടുത്ത് കാണണം. അയാള്‍ സന്തോഷവാനാവും എന്നുറപ്പ്.

Messi or Ronaldo? Sunil Chhetri reveals who is GOAT
Author
Bengaluru, First Published Apr 18, 2020, 11:29 PM IST
  • Facebook
  • Twitter
  • Whatsapp

കൊല്‍ക്കത്ത: ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്കിടയിലെ ഇഷ്ട തര്‍ക്കവിഷയമാണ് അര്‍ജന്റീനിയന്‍ നായകന്‍ ലിയോണല്‍ മെസ്സിയാണോ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണോ ഫുട്ബോളിലെ എക്കാലത്തെയും മികച്ചവന്‍(GOAT)എന്നത്. മില്യണ്‍ ഡോളര്‍ വിലയുള്ള ആ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള, ഗോളുകള്‍ നേടിയിട്ടുള്ള സുനില്‍ ഛേത്രി.

രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ നിലവിലെ താരങ്ങളില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ(99) മാത്രമാണ് ഛേത്രിക്ക്(72) മുന്നിലുള്ളത്. സാക്ഷാല്‍ ലിയോണല്‍ മെസ്സി(70) പോലും ഛേത്രിക്ക് പിന്നിലാണ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ബംഗലൂരുവിലെ വസതിയില്‍ ക്വാറന്റീനില്‍ കഴിയുന്ന ഛേത്രി സ്പോര്‍ട് സ്റ്റാറിന് നല്‍കിയ അഭിമുഖത്തിലാണ് ആരാധകര്‍ക്കിടയിലെ തര്‍ക്കവിഷയത്തിന് വിധി കല്‍പ്പിച്ച് രംഗത്തെത്തിയത്.

ഈ അഭിമുഖത്തിന് തൊട്ടു മുമ്പ് ഞാന്‍ ലിയോണല്‍ മെസ്സിയുടെ വീഡിയോ കാണുകയായിരുന്നു. അതെന്നെ ശരിക്കും പ്രചോദിപ്പിക്കാറുണ്ട്. ഈ ലോകത്ത് ആരെങ്കിലും ദു:ഖിച്ചിരിക്കുകയാണെങ്കില്‍ അവര്‍ മെസ്സിയുടെ വീഡിയോ ഒന്നെടുത്ത് കാണണം. അയാള്‍ സന്തോഷവാനാവും എന്നുറപ്പ്. റൊണാള്‍ഡോയെയും എനിക്കിഷ്ടമാണ്. കഠിനാധ്വാനത്തിന്റെ പ്രതീകമാണ് റൊണാള്‍ഡോ. റൊണാള്‍ഡോയുടെ മാതൃകയാണ് ഞാന്‍ പിന്തുടരാറുള്ളതെങ്കിലും മെസ്സിയുടെ കളി കാണാനാണ് എനിക്കിഷ്ടം. മെസ്സി ഗോള്‍ നേടുന്ന രീതി, ഡ്രിബ്ലിംഗ്, നട് മഗ്ഗുകള്‍, കളിയെക്കുറിച്ചുള്ള മെസ്സിയുടെ അറിവ്, പന്തിന്‍മേലുള്ള മെസ്സിയുടെ സ്പര്‍ശം എല്ലാം വിസ്മയാവഹമാണ്.

മെസ്സി ഒരു പ്രതിഭാസം ആണ്. പെനല്‍റ്റി ബോക്സില്‍ അഞ്ച് പേരെ എങ്ങനെ ഡ്രിബിള്‍ ചെയ്യാമെന്ന് നിങ്ങളെ ഒരു കോച്ചിനും പഠിപ്പിക്കാനാവില്ല. അങ്ങനെ പഠിപ്പിക്കുന്ന ഒരു കോച്ചുണ്ടെങ്കില്‍ ആയാള്‍ പിന്നെ ഒരിക്കലും നിങ്ങള കളിപ്പിക്കില്ല. മെസ്സിയെ നോക്കു, എന്ത് അനായാസമായാണ് അയാള്‍ ബോക്സില്‍ ഡ്രിബിള്‍ ചെയ്യുന്നത്. ഒരു സമ്പൂര്‍ണ ഫുട്ബോളര്‍ എന്ന നിലയില്‍ നോക്കിയാല്‍ അത് റൊണാള്‍ഡോ ആണ്. കാരണം, ഉയരവും, ഹെഡ്ഡ് ചെയ്ത് ഗോള്‍ നേടാനുള്ള കഴിവും ഇരുകാലുകൊണ്ടും ഗോള്‍ നേടാനുള്ള കഴിവും കോര്‍ണറുകളെ പ്രതിരോധിക്കാനുള്ള കഴിവുമെല്ലാം കണക്കിലെടുത്താല്‍ റൊണാള്‍ഡോയെ സമ്പൂര്‍ണ ഫുട്ബോളറായി കാണാം.

പക്ഷെ ഇതൊക്കെയാണെങ്കിലും മറ്റൊരു താരത്തെയും മെസ്സിയുമായി താരതമ്യം പോലും ചെയ്യാനാവില്ല. കാരണം, അദ്ദേഹം എല്ലാവരെക്കാളും ഒരുപടി മുകളിലാണ്. ഒരു കളിയില്‍ ഏറ്റവുമധികം പ്രഭാവം ഉണ്ടാക്കുക ആരാണെന്ന് ചോദിച്ചാല്‍ അത് മെസ്സിയാണ്. കളി മെനയുന്ന രീതി, പാസുകള്‍, അസിസ്റ്റുകള്‍, കളിയെക്കുറിച്ചുള്ള ധാരണ ഇതെല്ലാം കളിക്കളത്തില്‍ പ്രതിഫലിക്കും. ബാഴ്സയ്ക്കും അര്‍ജന്റീനക്കും മെസ്സിയുടെ സാന്നിധ്യം നല്‍കുന്ന ഊര്‍ജ്ജം എപ്പോഴും അദ്ദേഹത്തെ റൊണാള്‍ഡോക്ക് തൊട്ട് മുമ്പില്‍ നിര്‍ത്തുന്നു. അതുകൊണ്ടുതന്നെ മെസ്സി തന്നെയാണ് എക്കാലത്തെയും മികച്ച കളിക്കാരന്‍.

മെസ്സി ആരാധകരുടെ റൊണാള്‍ഡോ ആരാധകരും സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടുകയല്ല, ഇരുവരുടെയും കളി കാണാനുള്ള ഭാഗ്യമുണ്ടായല്ലോ എന്നാണ് ചിന്തിക്കുകയാണ് വേണ്ടതെന്നും ഛേത്രി പറഞ്ഞു. ഒരാളെ ഇഷ്ടപ്പെടാന്‍ മറ്റൊരാളെ വെറുക്കേണ്ടതില്ല. നിങ്ങള്‍ക്ക് ഒരുസമയം ഒരു താരത്തിന്റെ ആരാധകനായി ഇരിക്കാനെ കഴിയുള്ളു. അപ്പോഴും മറ്റേ താരത്തെ വെറുക്കേണ്ടതില്ല. അയാള്‍ നിങ്ങളുടെ ടീമിനെതിരെ കളിക്കുമ്പോള്‍ മോശമായി കളിക്കണേ എന്ന് ആഗ്രഹിക്കാം. പക്ഷെ ഈ രണ്ട് ഇതിഹാസതാരങ്ങളില്‍ ആരെയും വെറുക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും ഛേത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios