Asianet News MalayalamAsianet News Malayalam

മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തു; പിഎസ്‍ജി ജേഴ്‌സിയില്‍ മെസിക്ക് ആദ്യ ഗോള്‍- വീഡിയോ കാണാം

പിഎസ്ജി കുപ്പായത്തില്‍ മെസിയുടെ ആദ്യ ഗോളാണ് ഇത്. ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റുമായി പിഎസ്ജി ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തുമെത്തി.
 

Messi scored for PSG and won over Manchester City in Champions League
Author
Paris, First Published Sep 29, 2021, 9:55 AM IST

പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ലിയോണല്‍ മെസി ആരാധകര്‍ കാത്തിരുന്ന ഗോളെത്തി. മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പിഎസ്ജി തോല്‍പ്പിച്ചത്. ഇന്‍ഡ്രിസ് ഗുയെയാണ് പിഎസ്ജിയുടെ മറ്റൊരു ഗോള്‍ നേടിയത്. പിഎസ്ജി കുപ്പായത്തില്‍ മെസിയുടെ ആദ്യ ഗോളാണ് ഇത്. ജയത്തോടെ രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റുമായി പിഎസ്ജി ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തുമെത്തി.

പരിക്കേറ്റ് കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ നഷ്ടമായ മെസ്സി 74ആം മിനുറ്റിലാണ് പിഎസ്ജിയിലെ ആദ്യ ഗോള്‍ നേടിയത്. മുന്‍മത്സരങ്ങളില്‍ പോസ്റ്റില്‍ തട്ടി മടങ്ങിയ അവസരങ്ങളുള്‍പ്പെടെ വലിയ നിരാശയാണ് ആരാധകര്‍ക്ക് ഉണ്ടായത്. അതെല്ലാം പഴങ്കഥയാക്കുന്ന ഉജ്വലമായ ഗോളാണ് സൂപ്പര്‍ താരം നേടിയത്. എംബപ്പെയുമൊത്തുള്ള ഒരു മുന്നേറ്റമാണ് ഗോളിലെത്തിയത്. മത്സരശേഷം നെയ്മറിനും എംബപ്പെയ്ക്കുമൊപ്പമുള്ള
ഡ്രസ്സിങ് റൂമിലെ ആഘോഷംസാമൂഹികമാധ്യമങ്ങളില്‍ മെസി പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ കാണാം...

അതേസമയം, 13 തവണ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡിനെ ആദ്യമായി ടൂര്‍ണമെന്റിനെത്തിയ മോള്‍ഡോവ ക്ലബ് ഷെറീഫ് അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയല്‍ മൈതാനത്ത് ഷെറീഫിന്റെ ജയം. യാക്ഷിബൊയേവിന്റെ ഗോളിലൂടെ ഷെറീഫാണ് ആദ്യം മുന്നിലെത്തിയത്. 65ആം മിനുറ്റില്‍ ബെന്‍സെമ റയലിനെ ഒപ്പമെത്തിച്ചെങ്കിലും സെബാസ്റ്റ്യന്‍ തില്ലിന്റെ 89-ാം മിനുറ്റിലെ ഗോളിലൂടെ ഷെറീഫ് ചാംപ്യന്‍സ് ലീഗിലെ രണ്ടാം ജയം പിടിച്ചെടുത്തു. 

ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. എഫ്‌സി പോര്‍ട്ടോയെ ഒന്നിനെതിരെ അഞ്ച് ഗോളിന് ലിവര്‍പൂള്‍ തോല്‍പ്പിച്ചു. മുഹമ്മദ് സലായും റോബര്‍ട്ടോ ഫിര്‍മിനോയും ഇരട്ട ഗോളുമായി തിളങ്ങി. സാദിയോ മാനെയുടെ വകയായിരുന്നു മറ്റൊരു ഗോള്‍. ഗ്രൂപ്പ് ബിയില്‍ ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത്. അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എസി മിലാനെ തോല്‍പ്പിച്ചു. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് മിലാന്റെ തോല്‍വി. 84ആം മിനുറ്റില്‍ അന്റോയിന്‍ ഗ്രീസ്മാനും ഇഞ്ചുറി ടൈമില്‍ ലൂയിസ് സുവാരസുമാണ് അത്‌ലറ്റിക്കോ മാഡ്രിഡിനുവേണ്ടി സ്‌കോര്‍ ചെയ്തത്.

Follow Us:
Download App:
  • android
  • ios