19-ാം മിനിറ്റില്‍ മെസ്സിയിലൂടെയാണ് അര്‍ജന്റീന ഗോള്‍വേട്ടയ്ക്ക് തുടക്കമിടുന്നത്.

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരെ ഗോളില്‍ ആറാടി അര്‍ജന്റീന്‍. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. ക്യാപ്റ്റന്‍ ലിയോണല്‍ മെസി ഹാട്രിക്കുമായി കളം നിറഞ്ഞ മത്സരത്തില്‍ ലാതുറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരാണ് മറ്റുഗോള്‍ നേടിയത്. രണ്ട് ഗോളുകള്‍ക്ക് മെസി വഴിയൊരുക്കുകയും ചെയ്തു. കൊളംബിയ ഏകപക്ഷീയമായ നാല് ഗോളിന് ചിലിയെ തോല്‍പ്പിച്ചു. ഉറുഗ്വെ - ഇക്വഡോര്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

19-ാം മിനിറ്റില്‍ മെസ്സിയിലൂടെയാണ് അര്‍ജന്റീന ഗോള്‍വേട്ടയ്ക്ക് തുടക്കമിടുന്നത്. മാര്‍ട്ടിനെസ് നല്‍കിയ പന്ത് മെസി അനായാസം ഗോളാക്കി മാറ്റി. 43-ാം മിനിറ്റില്‍ മാര്‍ട്ടിനെസിലൂടെ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍. ഇത്തവണ മെസിയുടെ വക അസിസ്റ്റ്. ആദ്യപകുതി പൂര്‍ത്തിയാവുന്നതിന് മുമ്പ് അര്‍ജന്റീന ഒരിക്കല്‍കൂടി മുന്നിലെത്തി. മെസി നല്‍കിയ ലോംഗ് പാസ് സ്വീകരിച്ച് അല്‍വാരസ് ലീഡ് മൂന്നാക്കി ഉയര്‍ത്തി. ആദ്യ പകുതിയില്‍ വന്ന മൂന്ന് ഗോളുകളും കാണാം.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

69-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ നാലാം ഗോള്‍. ഇത്തവണ പകരക്കാരനായി എത്തിയ അല്‍മാഡയാണ് ഗോള്‍ നേടിയത്. നിഹ്വെല്‍ മൊളീനയുടെ ക്രോസില്‍ അല്‍മാഡ കാലുവച്ചു. ശേഷിക്കുന്ന രണ്ട് ഗോളുകളും മെസിയുടെ വകയായിരുന്നു. 84-ാം മിനിറ്റില്‍ എക്‌സെക്വീല്‍ പലസിയോസാണ് ഗോളിന് വഴിയൊരുക്കിയത്. ഒരു പ്രതിരോധ താരത്തെ വെട്ടിയൊഴിഞ്ഞ് വലങ്കാലുകൊണ്ട് മെസി തൊടുത്ത ഷോട്ട് വലയില്‍ കയറി. 86-ാം മിനിറ്റില്‍ മെസി ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഇത്തവണ നിക്കോ പാസാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയില്‍ വന്ന മൂന്ന് ഗോളുകളും കാണാം.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

കൊളംബിയ ചിലിക്കെതിരെ നാല് ഗോളിന് ജയിക്കുമ്പോള്‍ ഡേവിന്‍സണ്‍ സാഞ്ചസ്, ലൂയിസ് ഡയസ്, ജോണ്‍ ഡുറന്‍, ലൂയിസ് സിനിസ്‌റ്റേറാ എന്നിവരാണ് ഗോളുകള്‍ നേടിയത്. പോയിന്റ് പട്ടികയില്‍ അര്‍ജന്റീനയാണ് മുന്നില്‍. 10 മത്സരങ്ങളില്‍ 22 പോയിന്റാണ് അര്‍ജന്റീനയ്ക്ക്. ഇത്രയും മത്സരങ്ങളില്‍ 19 പോയിന്റുള്ള കൊളംബിയ രണ്ടാം സ്ഥാനത്ത്. 16 പോയിന്റുള്ള ഉറുഗ്വെയാണ് മൂന്നാമത്.